'ബസുകളില്‍ തീര്‍ത്ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നു'; കെഎസ്ആര്‍ടിസി പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയറിയിച്ച് ദേവസ്വം മന്ത്രി
കെഎസ്ആര്‍ടിസി അധിക ചാര്‍ജ് വാങ്ങുമ്പോള്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു
15 Dec 2022 8:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പത്തനംതിട്ട: ശബരിമലയിലെ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയറിയിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. ബസുകളില്‍ തീര്‍ത്ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല അവലോകന യോഗത്തിലായിരുന്നു വിമര്‍ശനം. ശബരിമല സര്‍വീസിന് ഉപയോഗിക്കുന്നതിലേറെയും കാലാവധി പൂര്‍ത്തിയായ പഴയ ബസുകളാണെന്ന പരാതിയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കെഎസ്ആര്‍ടിസി അധിക ചാര്‍ജ് വാങ്ങുമ്പോള്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ജനങ്ങളെ കുത്തിനിറച്ചു കൊണ്ടുപോകുന്നുവെന്ന ആരോപണം ശരിയല്ലെന്നായിരുന്നു കെഎസ്ആര്‍ടിസി വിശദീകരണം. എല്ലാ വര്‍ഷവും പുതിയ ബസുകള്‍ അനുവദിക്കുമായിരുന്നുവെന്നും ഇത്തവണ പുതിയ ബസുകള്‍ കിട്ടിയില്ലെന്നും കെഎസ്ആര്‍ടിസി ഉന്നതഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി.
പാര്‍ക്കിങ് കരാറുകാര്‍ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കുന്നില്ലെന്ന് പത്തനംതിട്ട കളക്ടര്‍ വിമര്‍ശിച്ചു. വെര്‍ച്വല്‍ ക്യൂ ബുക്കിങ് വീണ്ടും പരിമിതപ്പെടുത്തണമെന്ന് പൊലീസ് മേധാവികള്‍ ആവശ്യപ്പെട്ടു. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ പതിനെട്ടാംപടിയുടെ നിയന്ത്രണം ആവശ്യമെങ്കില്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തുകൊള്ളാന്‍ എഡിജിപി എം ആര് അജിത് കുമാര്‍ പറഞ്ഞു. പരിചയക്കുറവുള്ള പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്ന ദേവസ്വം ബോര്‍ഡിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാല്‍ താനിത് തമാശയായി പറഞ്ഞതാണെന്ന് എഡിജിപി പിന്നീട് വിശദീകരിച്ചു.
ദര്‍ശന സമയം ഇനിയും വര്‍ധിപ്പിക്കാനാകില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ശബരിമലയിലെ തിരക്ക് ഒഴിവാക്കാന്‍ കഴിയുന്നില്ല. മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വരുന്നത് പിടിപ്പുകേടാണോ എന്ന് പരിശോധിക്കണം. ദീര്‍ഘകാലം ശബരിമല ഡ്യൂട്ടി നോക്കിയ ഉദ്യോഗസ്ഥരെ പതിനെട്ടാം പടിയില്‍ നിയോഗിക്കണം. സന്നിധാനത്തും പമ്പയിലും പൊലീസ് അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്നും പൂജാ സാധനങ്ങളുമായെത്തുന്ന വാഹനങ്ങള്‍ പോലും പൊലീസ് തടയുകയാണ്. കുട്ടികള്‍, പ്രായമായവര്‍, അസുഖബാധിതര്‍ എന്നിവര്‍ക്ക് പ്രത്യേകം ക്യൂ നില്ക്കാന് സംവിധാനം ഒരുക്കണമെന്നും ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ആവശ്യപ്പെട്ടു.
Story Highlights: Minister K Radhakrishnan Criticizing KSRTC Services To Sabarimala