Top

'കേരളം അത്ര ദരിദ്രമല്ല, വിദേശത്ത് പോകുന്നത് നല്ലത്'; മന്ത്രി കെ എന്‍ ബാലഗോപാല്‍

വിദേശ യാത്രകളും പഠനങ്ങളും സംസ്ഥാനത്തിന് ആവശ്യമാണെന്നും ധനമന്ത്രി

13 Sep 2022 5:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളം അത്ര ദരിദ്രമല്ല, വിദേശത്ത് പോകുന്നത് നല്ലത്; മന്ത്രി കെ എന്‍ ബാലഗോപാല്‍
X

തിരുവനന്തപുരം: ലോകമാതൃകകള്‍ കണ്ടുപഠിക്കാന്‍ വിദേശ യാത്രകള്‍ അത്യാവശ്യമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിദേശത്ത് പോകുന്നത് നല്ലതാണ്. വിദേശ യാത്രകളും പഠനങ്ങളും സംസ്ഥാനത്തിന് ആവശ്യമാണെന്നും ധനമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ പ്രതികരിച്ചു.

ലോക കാര്യങ്ങള്‍ കാണാന്‍ നമ്മള്‍ പോകണം. അത് പഠിക്കേണ്ടതുണ്ട്. യൂറോപ്പിലേക്ക് ആരും പോകേണ്ട എന്നാണോ പറയുന്നതെന്നും മന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല. കേരളം ദരിദ്രമായ സംസ്ഥാനമല്ല. ഇക്കാര്യങ്ങളല്ല, കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള നികുതി വിഹിതത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് നിലവില്‍ ആശങ്കയുടെ കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. 'ഓണമാകുമ്പോള്‍ കുറച്ച് കൂടുതല്‍ പണം ചെലവാകും. ഖജനാവിന് അപകടമുണ്ടാകുന്ന സ്ഥിതിയില്ല. മറ്റു സംസ്ഥാനങ്ങളെ പോലെ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടു കൊണ്ട് പ്രശ്‌നമുണ്ട്. കേരളത്തിന് അര്‍ഹമായ, ജനങ്ങള്‍ക്ക് അവകാശപ്പെട്ട പണം ലഭിക്കുന്നില്ല. അത് നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുന്ന സ്ഥിതിയില്ല. ആശങ്കയുടെ സാഹചര്യമില്ല', മന്ത്രി പ്രതികരിച്ചു.

ഒക്ടോബര്‍ ആദ്യമാണ് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും അടക്കമുള്ള സംഘത്തിന്റെ രണ്ടാഴ്ച നീളുന്ന യൂറോപ്പ് സന്ദര്‍ശനം തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് ഫിന്‍ലന്‍ഡ് ക്ഷണിച്ചിരിക്കുന്നത്. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സന്ദര്‍ശിച്ചേക്കും. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും.

Story Highlights: Minister K N Balagopal's Response On CM's Foreign Visit

Next Story