'കേന്ദ്രാനുമതി ലഭിച്ചാല്‍ കെ-റെയിലുമായി മുന്നോട്ട്'; സാമ്പത്തിക വികസനത്തിന് വേഗം കൂട്ടുമെന്ന് ധനമന്ത്രി
സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് വേഗം കൂട്ടുമെന്നും മന്ത്രി നിയമസഭയില്‍
6 Dec 2022 6:06 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തില്‍ വേഗം കൂടിയ ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വേ നടപടി സ്വീകരിക്കുന്നില്ലെന്നും പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് വേഗം കൂട്ടുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
കേന്ദ്ര അനുമതിയില്ലാതെ കെ റെയിലിനായി കോടികള്‍ മുടക്കി മുന്നൊരുക്കങ്ങള്‍ നടത്തിയത് എന്തിനാണെന്ന് പ്രതിപക്ഷം ചോദിച്ചു. സര്‍ക്കാര്‍ പരിമിതമായ ചെലവ് മാത്രമേ നടത്തിയിട്ടുള്ളൂ എന്നും ഇപ്പോള്‍ നിലവില്‍ വന്ന പല പ്രൊജക്ടുകളും അത്തരത്തിലാണ് ആരംഭിച്ചതെന്നുമായിരുന്നു ഇതിന് മന്ത്രിയുടെ മറപടി. ഒരു പദ്ധതി വരുന്നതിന് മുമ്പ് പ്രാഥമികമായ കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്യുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധിയുണ്ടെന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വായ്പാ കടമെടുപ്പ് പരിധി കുറച്ചു. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്നില്ല. ഇതൊക്കെയാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കേന്ദ്രനയം മൂലം കേരളത്തിന് ശ്വാസം മുട്ടുകയാണ്. കിട്ടേണ്ട പണം കേന്ദ്രം നല്‍കുന്നില്ല. കേന്ദ്രനയത്തിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ കേരളത്തിന് മുന്നോട്ട് പോകാനാകില്ല. കേരളത്തിലെ സാമ്പത്തിക സ്ഥിതിയെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ചുകാണരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ അനാവശ്യമായ ചെലവ് നിയന്ത്രിക്കാന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ എംഎല്‍എ രമേശ് ചെന്നിത്തല പറഞ്ഞു. ധനകാര്യമാനേജ്മെന്റില്‍ സര്‍ക്കാരിന്റേത് തെറ്റായ നയമാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിസന്ധി സര്‍ക്കാര്‍ ഉണ്ടാക്കിയതല്ലെന്ന് ഇതിന് മറുപടിയായി ധനമന്ത്രി പറഞ്ഞു.
Story Highlights: Minister K N Balagopal About K Rail In Assembly
- TAGS:
- KN Balagopal
- K Rail
- Assembly