'നടന്നത് തീവ്രവാദശൈലി ആക്രമണങ്ങള്‍'; ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികളെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി
യാതൊരു കരുണയുമില്ലാത്ത പൊലീസ് നടപടിയുണ്ടാകുമെന്ന് മന്ത്രി.
18 April 2022 12:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം വിജയകരമായിരുന്നെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ആസൂത്രിത അക്രമം ഉണ്ടാകുമ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തില്‍ പൊലീസ് ശക്തമായ രീതിയില്‍ ഇടപെടും. യാതൊരു കരുണയുമില്ലാത്ത പൊലീസ് നടപടിയുണ്ടാകും. തീവ്രവാദസ്വഭാവമുള്ള കൊലപാതകങ്ങളാണ് നടന്നത്. പൊതുജനങ്ങളുടെ ഭീതി അകറ്റുക എന്നതാണ് പ്രധാനം. ജനങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള സമാധാനശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. സമാധാനത്തിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. സമാധാനശ്രമം തുടരാന്‍ ജില്ലാ ഭരണകൂടം തുടര്‍ച്ചര്‍ച്ചകള്‍ നടത്തും. പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് സമൂഹം ആഗ്രഹിക്കുന്നതെന്നും കൃഷ്ണകുട്ടി വ്യക്തമാക്കി.
സംഘര്‍ഷം സാമുദായികമല്ലെന്നും സംഘടനാ തലത്തിലുള്ളതാണെന്നും യോഗം വിലയിരുത്തി. ഇത്തരത്തില്‍ അക്രമം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍ പ്രാദേശിക തലത്തിലുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറാന്‍ സന്നദ്ധരാവണം. പൊലീസ് കൃത്യമായ ധാരണയോടെയാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ബിജെപി നേതാക്കള്‍ യോഗത്തിനെത്തിയത് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചാണെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ചര്‍ച്ചയ്ക്ക് എത്തിയാല്‍ ഒന്നും ചെയ്യാനാകില്ല. എല്ലാവരെയും യോജിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കും. യോഗത്തില്‍ തര്‍ക്കമുണ്ടായില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, ആര്‍.എസ്.എസ്, ബി.ജെ.പി പ്രതിനിധികളുടെ യോഗം ഈ ആഴ്ച ചേരുമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഭാഗത്തു നിന്ന് വേര്‍തിരിവ് കാണിക്കാതെയുള്ള നടപടി ഉണ്ടാകുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു
ജില്ലയിലെ ക്രമസമാധാന നില നിര്‍ത്താന്‍ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥന്‍ അറിയിച്ചു. കുറ്റകൃത്യത്തില്‍ ഭാഗമായവരുടെയും ഗൂഢാലോചന നടത്തിയവര്‍ക്കും എതിരെ ശക്തമായ അന്വേഷണം ഉണ്ടാവും. ക്രൈംബ്രാഞ്ച്, നര്‍ക്കോട്ടിക് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നുണ്ട്. പൊലീസിന്റെ ഭാഗത്ത് നിന്നും പട്രോളിങ് വാഹന പരിശോധന നടപ്പാക്കുന്നുണ്ട്. ജില്ലയില്‍ 120 ഓളം പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. കൊലപാതകം സാമുദായികമല്ലെന്നും ജില്ലയില്‍ നടന്ന സംഭവം പൊലീസ് ജാഗ്രതയോടെയാണ് നേരിടുന്നതെന്നും രണ്ട് കേസുകള്‍ സംബന്ധിച്ച കൃത്യമായ രീതിയിലാണ് അന്വേഷണം മുന്നോട്ടു പോകുന്നതെന്നും വിശ്വനാഥന്‍ അറിയിച്ചു.
അക്രമ സംഭവങ്ങളില്‍ മുഖം നോക്കാതെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രങ്ങള്‍ മനസിലാക്കി കര്‍ശന നടപടി എടുക്കണമെന്നും യോഗത്തില്‍ എം.പി വി.കെ ശ്രീകണ്ഠന്‍ അഭിപ്രായപ്പെട്ടു. നവ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തുന്നത് കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. കൊല്ലാനും കൊല്ലിക്കാനുമുള്ള കേന്ദ്രങ്ങള്‍ മനസ്സിലാക്കി അത് തടയേണ്ടതുണ്ടെന്ന് കെ ബാബു എം.എല്‍.എ പറഞ്ഞു.
ഇത്തരം അനിഷ്ടസംഭവങ്ങള്‍ എങ്ങനെ തടയണമെന്നും ഇത് തടയേണ്ടതുണ്ടെന്നും സി.പി.ഐ.എം. ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളോട് അനുഭാവപൂര്‍വ്വമായ നയം സ്വീകരിക്കുമെന്ന് എസ്.ഡി.പി.ഐ പ്രതിനിധി അറിയിച്ചു. രാഷ്ട്രീയപാര്‍ട്ടികള്‍ ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ കൊലപാതക രാഷ്ട്രീയം പ്രോത്സാഹിപ്പിക്കില്ലെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സര്‍വ്വ കക്ഷി യോഗത്തില്‍ അഭിപ്രായപ്പെട്ടു.
- TAGS:
- Palakkad
- RSS
- SDPI
- K Krishnankutty
- MURDER