Top

സർവ്വകക്ഷിയോ​ഗം: പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട്ടെ നിലവിലെ സാഹചര്യങ്ങൾ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ട്

18 April 2022 3:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സർവ്വകക്ഷിയോ​ഗം: പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി
X

പാലക്കാട്: സർവകക്ഷി സമാധാന യോഗത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് വെെദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. ഇന്ന് നടക്കുന്ന യോഗത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. പാലക്കാട്ടെ നിലവിലെ സാഹചര്യങ്ങൾ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ട്. പ്രതികൾക്കായുളള അന്വേഷണം ഊർജ്ജിതമാണെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

പാലക്കാട് നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. വൈകീട്ട് 3.30ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് ഹാളിലാണ് യോ​ഗം നടക്കുക. യോ​ഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി, എസ്ഡിപിഐ നേതാക്കൾ അറിയിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. സർവ്വകക്ഷി യോഗത്തിൽ പോപ്പുലർ ഫ്രണ്ട് പങ്കെടുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഇതുവരെ സുബൈറിന്റെ കൊലപാതകത്തിൽ സഹായികളെ മാത്രമാണ് പൊലീസിന് പിടികൂടാനായത്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും ശ്രീനിവാസനെ കൊലപ്പെടുത്തിയവരെ പിടികൂടാൻ ആകാത്തതിലും പൊലീസിനെതിരേ വിമർശനം ഉയരുന്നുണ്ട്. സുബൈർ വധക്കേസിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.

Story highlights: Minister K Krishnan Kutty said that problems can be solved through all party meeting

Next Story