Top

'മായം കലർന്നുവെന്നത് ഉറപ്പാണ്'; ഭക്ഷ്യ സുരക്ഷാ വകുപ്പിനെതിരെ മന്ത്രി ജെ ചിഞ്ചുറാണി

16 Jan 2023 6:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മായം കലർന്നുവെന്നത് ഉറപ്പാണ്; ഭക്ഷ്യ സുരക്ഷാ വകുപ്പിനെതിരെ മന്ത്രി ജെ ചിഞ്ചുറാണി
X

കൊല്ലം: ആര്യങ്കാവിൽ പിടികൂടിയ പാലിൽ മായമില്ലെന്ന ഭക്ഷ്യസുരക്ഷാ റിപ്പോർട്ടിനെതിരെ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയാത്തതിൽ മറുപടി പറയേണ്ടത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ആണെന്ന് മന്ത്രി പറഞ്ഞു. പാലിൽ മായം കലർന്നുവെന്നത് ഉറപ്പാണ്. ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധന റിപ്പോർട്ട് തങ്ങളുടെ കൈവശമുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരിശോധന വൈകിയതാണോ കാരണമെന്ന് പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

'ആറ് മണിക്കൂറിനുള്ളിൽ പരിശോധിച്ചില്ലെങ്കിൽ ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം കണ്ടെത്താൻ കഴിയില്ല. നടപടിയെടുക്കേണ്ടത് ഭക്ഷ്യസുരക്ഷ വിഭാഗമാണ്. ക്ഷീരവകുപ്പിന് നടപടിയെടുക്കാൻ അധികാരം നൽകണമെന്ന് ആവശ്യപ്പെടും. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകും,'മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി.

ജനുവരി 11നാണ് തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാൽ ടാങ്കർ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്. 15300ലിറ്റർ പാലുമായി വന്ന ടാങ്കർലോറി അഞ്ചു ദിവസമായി പൊലീസ് സ്റ്റേഷനിലാണുള്ളത്. ടാങ്കറിൽ കൊണ്ടുവന്ന പാൽ ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ചായിരുന്നു പിടികൂടിയത്. ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് മായം കലർത്തിയ പാൽ കണ്ടെത്തി പിടികൂടിയത്. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്ന് പത്തനംതിട്ടയിലെ പന്തളത്തേക്ക് കൊണ്ടുപോവുകയായിരുന്നു പാൽ.

അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും മായം കലർത്തിയ പാൽ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്. കെഎൽ 31 എൽ 9463 എന്ന ലോറിയിലാണ് പാൽ കൊണ്ടുവന്നത്. സാംപിൾ വൈകി ശേഖരിച്ച് പരിശോധിച്ചതിനാൽ പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയുമോയെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.

STORY HIGHLIGHTS: Minister J Chinchu Rani against Food Safety Department

Next Story