Top

'തദ്ദേശ സ്ഥാപനങ്ങള്‍ ആഡംബര നികുതി പിരിക്കുന്നില്ല'; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍

''പഴയ വീടുകളുടെ നികുതിയെ സംബന്ധിച്ച് യാതൊരു ശുപാര്‍ശയും ധനകാര്യ കമ്മീഷന്‍ നല്‍കിയിട്ടുമില്ല.''

7 Jun 2022 4:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തദ്ദേശ സ്ഥാപനങ്ങള്‍ ആഡംബര നികുതി പിരിക്കുന്നില്ല; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍
X

തദ്ദേശ സ്വയംഭരണ വകുപ്പ് ആഡംബര നികുതി ഈടാക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. തദ്ദേശ സ്ഥാപനങ്ങള്‍ ആഡംബര നികുതി പിരിക്കുന്നില്ല. സംസ്ഥാന ധനകാര്യ കമ്മീഷന്‍ നിര്‍ദേശപ്രകാരം മന്ത്രിസഭായോഗം ഇത്തരത്തില്‍ തീരുമാനം എടുത്തുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി അറിയിച്ചു.

''മൂവായിരം ചതുരശ്ര അടിയിലധികം വ്യാപ്തിയുള്ള വീടുകളെ ആഡംബര വീടുകളായി കണക്കാക്കണമെന്നും, ഈ വീടുകളില്‍ നിന്ന് ഉയര്‍ന്ന വസ്തു നികുതി ഈടാക്കുന്ന കാര്യം പരിശോധിക്കണം എന്നുമാണ് ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. 2022 ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് മാത്രമാണ് ഈ നിര്‍ദേശമെന്നും ധനകാര്യ കമ്മീഷന്‍ എടുത്ത് പറഞ്ഞിരിക്കുന്നു. ഈ നിര്‍ദേശം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാനിരിക്കുന്നതേയുള്ളൂ.''-മന്ത്രി അറിയിച്ചു.

പഴയ വീടുകളുടെ നികുതിയെ സംബന്ധിച്ച് യാതൊരു ശുപാര്‍ശയും ധനകാര്യ കമ്മീഷന്‍ നല്‍കിയിട്ടുമില്ല. വസ്തുതകള്‍ ഇതായിരിക്കെ, ചെറിയ വീടിനും വില്ലേജ് ഓഫീസുകളില്‍ അടയ്ക്കേണ്ടുന്ന നികുതി വരുന്നു എന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍മാറണമെന്ന് മന്ത്രി പറഞ്ഞു. വസ്തുനികുതി പിരിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. വലിയ വീടുകള്‍ക്ക് ആഡംബര നികുതി മാത്രമാണ് റവന്യൂ വകുപ്പ് പിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.


Next Story