'തദ്ദേശസ്ഥാപനങ്ങളില്‍ പ്രതിസന്ധിയില്ല'; പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി ഗോവിന്ദന് മാസ്റ്റര്‍
''കൂടുതല്‍ ഫണ്ടും അധികാരവും നല്കി ശാക്തീകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.''
12 July 2022 4:12 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തരത്തിലുള്ള പ്രതിസന്ധിയും നിലവിലില്ലെന്ന് മന്ത്രി എംവി ഗോവിന്ദന് മാസ്റ്റര്‍.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടും അധികാരവും നല്കി ശാക്തീകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തില്‍ മൂന്നു മാസത്തെ കാലതാമസം ഉണ്ടായി എന്ന ആക്ഷേപം വസ്തുതാപരമല്ലെന്ന് മന്ത്രി അറിയിച്ചു.
ഓരോ പഞ്ചവത്സര പദ്ധതിയുടെയും ആദ്യ വര്‍ഷങ്ങളിലെല്ലാം ഒഴിവാക്കാനാകാത്ത കാലതാമസം ഉണ്ടായിട്ടുണ്ട്. യുഡിഎഫിന്റെ കാലത്തെ 12-ാം പദ്ധതിയുടെ ആദ്യ വര്‍ഷമായ 2012- 13ല്‍ വാര്‍ഷിക പദ്ധതി അംഗീകാര നടപടി സംബന്ധിച്ച മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചത് 2012 സെപ്തംബര്‍ 24ന് ആയിരുന്നു. ആ വര്‍ഷം സെപ്തംബര്‍/ ഒക്ടോബര്‍ മാസങ്ങളിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അന്തിമമാക്കിയത്. 13-ാം പദ്ധതി രൂപീകരണ പ്രക്രിയ ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് 2017 ജുലൈ മാസത്തിനകം പൂര്‍ത്തീകരിച്ചു. ഇത്തവണ നടപടിക്രമങ്ങള്‍ ഈ മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.