Top

ഒറ്റയടിക്ക് തത്കാലമില്ല; സഞ്ചരിക്കുന്ന റേഷന്‍കടകളെ കുറിച്ച് ഭക്ഷ്യമന്ത്രി

കടകളിലെത്താന്‍ ആളുകള്‍ ഏറെ പ്രയാസപ്പെടുന്ന പ്രദേശങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക

14 March 2022 3:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒറ്റയടിക്ക് തത്കാലമില്ല; സഞ്ചരിക്കുന്ന റേഷന്‍കടകളെ കുറിച്ച്  ഭക്ഷ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പഖ്യാപിച്ച സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒറ്റയടിക്ക് തുടരാന്‍ തത്കാലം ഉദ്ദേശ്യമില്ലെന്ന് മന്ത്രി ജി.ആര്‍ അനില്‍ കുമാര്‍. കടകളിലെത്താന്‍ ആളുകള്‍ ഏറെ പ്രയാസപ്പെടുന്ന പ്രദേശങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക. അതിനാല്‍ നിലവിലുള്ള വ്യാപാരികള്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ആദിവാസി ഊരുകള്‍, തീരദേശമേഖലകള്‍, തോട്ടംതൊഴിലാളി, ആയിരത്തിലധികം കാര്‍ഡുള്ള കടകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍, പത്തു കിലോമീറ്ററിലധികം സഞ്ചരിച്ച് റേഷന്‍ കടകളിലെത്തേണ്ട സഥലങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന കടകള്‍ തുടങ്ങാനാണ് തീരുമാനം. നിലവില്‍ 35 ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ വ്യാപകമാവുന്നതോടെ നിലവിലുള്ള കടകളുടെ നിലനില്‍പ്പ് ഭീഷണിയിലാവുമെന്ന ആശങ്ക റേഷന്‍ വ്യാപാരികള്‍ ഉയര്‍ത്തിയിരുന്നു. ഇത് പരിഹരിച്ച് മുന്നോട്ട് പോവാനാണ് വകുപ്പിന്റെ ശ്രമം. സിഐടിയു നേതൃത്വത്തിലുള്ള കേരള റേഷന്‍ എംപ്ലോയീസ് യൂണിയന്റെ എതിര്‍പ്പും സര്‍ക്കാരിനുണ്ടാവുന്ന ബാധ്യതയും പരിഗണിച്ചാണ് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്നുള്ള പിന്മാറ്റമെന്നും സൂചനയുണ്ട്.

STORY HIGHLIGHTS: minister for food and civil supplies anilkumar about mobile ration shops

Next Story