Top

'ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്യാം എന്നു തോന്നിയവനോട് ഒരു ദാക്ഷിണ്യവും കാട്ടില്ല'; ബിന്ദു അമ്മിണിയ്‌ക്കെതിരായ ആക്രമണത്തില്‍ മന്ത്രി

6 Jan 2022 4:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്യാം എന്നു തോന്നിയവനോട് ഒരു ദാക്ഷിണ്യവും കാട്ടില്ല; ബിന്ദു അമ്മിണിയ്‌ക്കെതിരായ ആക്രമണത്തില്‍ മന്ത്രി
X

പൊതുപ്രവര്‍ത്തക ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചില്‍ വച്ച് ആക്രമിച്ച സംഭവത്തില്‍ കുറ്റകാര്‍ക്ക് എതിരെ കര്‍ശന നടപടിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ആക്രമത്തെ അപലപിച്ച് രംഗത്ത് എത്തിയത്. ബിന്ദു അമ്മിണിയ്ക്കു നേരെ നടുറോഡില്‍ കയ്യേറ്റം നടത്തിയതരം ക്രിമിനലിസത്തെ കേരളത്തില്‍ വളരാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്ന മന്ത്രി ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്തുകളയാം എന്നു തോന്നിയവനോട് ഒരു ദാക്ഷിണ്യവും സര്‍ക്കാര്‍ കാട്ടില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നു.

പരപീഡാ വ്യഗ്രതയും ഇഷ്ടമില്ലാത്തതിനെ അവസാനിപ്പിക്കുമെന്ന ഫാസിസ്റ്റ് മനസ്സുമാണ് ബിന്ദു അമ്മിണിയ്ക്ക് എതിരായ ആക്രമണത്തിന് പിന്നില്‍. അസഹിഷ്ണുതയുടെ തീയെരിയിച്ച് ഇത്തരം ക്രിമിനല്‍ മനസ്സുകാര്‍ക്ക് പൊതുറോഡില്‍ സമ്മാന്യത നല്‍കിയവരാണ് ഈ അക്രമത്തിന് ഉത്തരവാദികള്‍ എന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.

മന്ത്രിയുടെ പോസ്റ്റ് പൂര്‍ണരുപം-

ബിന്ദു അമ്മിണിയ്ക്കു നേരെ നടുറോഡില്‍ കയ്യേറ്റം നടത്തിയതരം ക്രിമിനലിസത്തെ കേരളത്തില്‍ വളരാന്‍ അനുവദിക്കില്ല. വിശ്വാസമോ അഭിപ്രായവ്യത്യാസമോ ഒന്നുമല്ല അക്രമത്തിനു പിന്നില്‍; പരപീഡാ വ്യഗ്രതയും ഇഷ്ടമില്ലാത്തതിനെ അവസാനിപ്പിക്കുമെന്ന ഫാസിസ്റ്റ് മനസ്സുമാണ്.

അസഹിഷ്ണുതയുടെ തീയെരിയിച്ച് ഇത്തരം ക്രിമിനല്‍ മനസ്സുകാര്‍ക്ക് പൊതുറോഡില്‍ സമ്മാന്യത നല്‍കിയവരാരും ഇപ്പോള്‍ ഒളിഞ്ഞിരിക്കേണ്ട. അവര്‍ക്കൊക്കെ ഈ അക്രമത്തില്‍ നേരിട്ട് ഉത്തരവാദിത്തമുണ്ട്. ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്തുകളയാം എന്നു തോന്നിയവനോട് ഒരു ദാക്ഷിണ്യവും സര്‍ക്കാര്‍ കാട്ടില്ല, ശക്തമായ നടപടിയുണ്ടാവും.



അതിനിടെ, പൊതുപ്രവര്‍ത്തക ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചില്‍ വച്ച് ആക്രമിച്ചയാളെ കണ്ടെത്തി. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ മോഹന്‍ദാസാണ് പ്രതി. സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യും. മദ്യലഹരിയിലായിരുന്നു അക്രമമെന്നാണ് പൊലീസ് വാദം. ആക്രമണത്തില്‍ പ്രതിക്കും പരിക്ക് പറ്റിയെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചില്‍ വെച്ചാണ് ബിന്ദു അമ്മിണിക്കെതിരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വീഡിയോയില്‍ ബിന്ദു അമ്മിണി ആക്രമണം ചെറുക്കുന്നതായും മര്‍ദ്ദിച്ചയാളുടെ ഫോണ്‍ തല്ലിത്തകര്‍ക്കുന്നതായും കാണാം. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് കേസെടുത്തിരുന്നു. ഐപിസി 323,509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

അതേസമയം തനിക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് ബിന്ദു അമ്മിണി ആരോപിച്ചു. മദ്യപിച്ചയാള്‍ വെറുതെ നടത്തിയ ആക്രമണമല്ല. പിന്നില്‍ രാഷ്ട്രീയകാരണങ്ങളുണ്ട്. തന്നെ എവിടെക്കണ്ടാലും ആക്രമിക്കുകയെന്നത് സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനമാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. ബീച്ചില്‍ വെച്ച് തന്നെ ആക്രമിച്ചയാള്‍ ആര്‍എസ്എസുകാരനാണെന്നാണ് തനിക്കറിയാന്‍ കഴിഞ്ഞതെന്നും ബിന്ദു അമ്മിണി പറഞ്ഞു. പൊലീസില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും ഇവര്‍ പറയുന്നു.

Next Story