'കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ല'; ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് മന്ത്രി ആന്റണി രാജു
പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിക്ക് പരസ്യങ്ങള്‍ പതിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
16 Oct 2022 8:19 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: നിലവിലെ ഗതാഗത ചട്ടം അനുസരിച്ച് കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഗതാഗത ചട്ടം അനുസരിച്ച് സര്‍ക്കാര്‍ അനുമതിയോടെ പരസ്യം പതിക്കാം. റിവ്യൂ ഹര്‍ജി നല്കി ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ആന്റണി രാജു പറഞ്ഞു.
പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിക്ക് പരസ്യങ്ങള്‍ പതിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ പൊതു വാഹനങ്ങളെന്ന വ്യത്യാസമില്ല. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കോടതി ഉത്തരവ് കോര്പ്പറേഷന് വലിയ ബാധ്യതയുണ്ടാക്കുമെന്ന് നേരത്തെ മന്ത്രി പ്രതികരിച്ചിരുന്നു. ബസുകളില്‍ പരസ്യം പതിക്കാന്‍ അനുവദിക്കുന്നതിലൂടെ വര്‍ഷം 1.80 കോടി രൂപ കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നുണ്ട്. കോടതി ഉത്തരവ് നടപ്പിലാക്കുന്നത് നഷ്ടമുണ്ടാക്കും. കേരളത്തില്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ബസുകളിലും പരസ്യമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
Story Highlights: Minister Antony Raju's Response On KSRTC Advertisement Issue
- TAGS:
- Antony Raju
- KSRTC
- High Court