Top

'കാള പെറ്റു എന്ന് കേട്ട് കയറെടുക്കരുത്'; മയക്കുമരുന്ന് തൊണ്ടി നശിപ്പിക്കല്‍ ആരോപണത്തില്‍ മന്ത്രി ആന്റണി രാജു

കേസില്‍ ഏതെങ്കിലും വിധത്തില്‍ താന്‍ ഇടപെട്ടതായി തെളിയിക്കാന്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നുവെന്ന് മന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തി

20 July 2022 1:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാള പെറ്റു എന്ന് കേട്ട് കയറെടുക്കരുത്; മയക്കുമരുന്ന് തൊണ്ടി നശിപ്പിക്കല്‍ ആരോപണത്തില്‍ മന്ത്രി ആന്റണി രാജു
X

തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതല്‍ നശിപ്പിച്ചുവെന്ന കേസില്‍ തന്നെ പ്രതിയാക്കാന്‍ കഴിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിയമ സഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയായിരുന്നു മന്ത്രിയുടെ പ്രതികരണം. കേസില്‍ ഏതെങ്കിലും വിധത്തില്‍ താന്‍ ഇടപെട്ടതായി തെളിയിക്കാന്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നുവെന്ന് മന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തി.

കേസില്‍ താന്‍ ഹാജരായിട്ടില്ല എന്ന വാദം തെറ്റാണെന്ന് ആന്റണി രാജു പറഞ്ഞു. ഹാജരാകാത്ത ഒരു പോസ്റ്റിങ്ങ് പോലുമില്ല. മൂന്ന് തവണ ഈ കേസ് അന്വേഷിച്ചിട്ടുണ്ട്. രണ്ട് തവണയും യുഡിഎഫ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തപ്പോഴായിരുന്നു അന്വേഷണം. തന്നെ പ്രതിയാക്കാന്‍ കഴിയില്ലെന്ന അന്തിമ റിപ്പോര്‍ട്ടാണ് അന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിച്ചത്. ഇന്റര്‍പോളും ഫോറന്‍സികും നടത്തിയ വിശദമായ അന്വേഷണത്തിലും തന്നെ പ്രതിയാക്കാന്‍ കഴിയില്ലെന്നാണ് പറയുന്നതെന്നും മന്ത്രി നിയമസഭയില്‍ പ്രതികരിച്ചു.

ആന്റണി രാജു പറഞ്ഞത്:

'കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ എല്ലാ കാര്യങ്ങളും പറയുന്നതില്‍ പരിമിധിയുണ്ട്. കേസില്‍ ഞാന്‍ ഹാജരായിട്ടില്ല എന്ന് പ്രതിപക്ഷ നേതാവ് നിയമസഭയ്ക്ക് പുറത്ത് പരാമര്‍ശിച്ചത് അദ്ദേഹം പിന്‍വലിക്കണം. ഈ കേസില്‍ ഞാനോ എന്റെ അഭിഭാഷകനോ ഹാജരാകാത്ത ഒരു പോസ്റ്റിങ് പോലുമില്ല. എന്റെ അപേക്ഷ പ്രകാരം ഒരു പോസ്റ്റിങ് പോലും മാറ്റിവച്ചിട്ടില്ല. കാള പെറ്റെന്ന് കേട്ട് അങ്ങയെപ്പോലുള്ളവര്‍ കയറെടുക്കരുത്. മൂന്ന് തവണ ഈ കേസ് അന്വേഷിച്ചിട്ടുണ്ട്. രണ്ട് തവണയും യുഡിഎഫ് ആഭ്യന്തര വകുപ്പിന്റെ മന്ത്രിപദം അലങ്കരിച്ചപ്പോഴാണ് അന്വേഷിച്ചത്. അന്വേഷണ ഏജന്‍സികള്‍ രണ്ട് തവണ എന്നെ പ്രതിയാക്കാന്‍ കഴിയില്ലെന്ന അന്തിമ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. ആന്റണി സര്‍ക്കാരിന്റെ കാലത്തായിരുന്നു ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇന്റര്‍പോളും ഫോറന്‍സിക്കും നടത്തിയ വിശദമായ അന്വേഷണത്തിലും എന്നെ പ്രതിയാക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്. ഇന്റര്‍പോള്‍ റിപ്പോര്‍ട്ടില്‍ ഈ കൃത്യത്തില്‍ പങ്കെടുത്തവരുടെ പേരുണ്ട്. ആ റിപ്പോര്‍ട്ടില്‍ പോലും എന്റെ പേരില്ല. 2006-ല്‍ നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി എന്നെ തെരഞ്ഞെടുത്തപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എനിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവിട്ടതാണ്. കേസില്‍ ഇതുവരെയും പുതിയതായി എന്തെങ്കിലും കണ്ടെത്തുകയോ കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ല' ആന്റണി രാജു ചൂണ്ടിക്കാട്ടി.

'പല തവണ ഈ കേസ് ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതെല്ലാം അതിജീവിച്ചാണ് ഞാന്‍ ഈ കസേരയിലെത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഈ കേസിന്റെ വിശദാംശങ്ങള്‍ നാല് പത്രങ്ങളില്‍ പരസ്യം ചെയ്തതാണ്. അന്നെന്തുകൊണ്ടാണ് പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിക്കാഞ്ഞത്? കേസ് സെഷന്‍സ് കോടതിയില്‍ കമ്മിറ്റ് ചെയ്തിട്ടില്ല എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

ഇത് മജിസ്‌ട്രേറ്റ് കോടതിയില്‍ മാത്രം വിചാരണ നടത്താനുള്ള കേസാണ്. ഈ കേസ് ഒരിക്കലും സെഷന്‍സ് കോടതിയില്‍ കമ്മിറ്റ് ചെയ്യാന്‍ കഴിയില്ല. അധികാരം ദുര്‍വിനിയോഗം ചെയ്ത് എല്‍ഡിഎഫുകാരനായ എന്നെ യുഡിഎഫ് ഹീനമായ് വേട്ടയാടിയതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ എനിക്കെതിരെ ചമച്ച ഈ കള്ളക്കേസ്. എല്ലാം നേരിടാന്‍ ഞാന്‍ തയ്യാറാണ്. ഇത്തരം വേട്ടയാടലുകള്‍ നേരിട്ട് തന്നെയാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. രാഷ്ട്രീയമായി തേജോവധം ചെയ്യാനും വ്യക്തിപരമായി വേട്ടയാടാനും ആരെങ്കിലും ശ്രമിച്ചാല്‍ പ്രതിപക്ഷ നേതാവിനേപ്പോലുള്ളവര്‍ കൂട്ട് നില്‍ക്കരുതെന്നും' ആന്റണി രാജു പറഞ്ഞു.

Story Highlights: Minister Antony Raju Reacts to Opposition's Allegations

Next Story