Top

'വിഴിഞ്ഞത്ത് ബോധപൂർവം കലാപം സൃഷ്ടിക്കാനുളള ശ്രമം'; സമരം അവസാനിപ്പിക്കാനാകാത്തത് പൊലീസിന്റെ ദൗർബല്യമായി കാണരുതെന്ന് മന്ത്രി ആന്റണി രാജു

പൊലീസും സർക്കാരും ഒരുപോലെ ആത്മസംയമനം പാലിച്ച സമരം വേറെയില്ല

27 Nov 2022 1:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഴിഞ്ഞത്ത് ബോധപൂർവം കലാപം സൃഷ്ടിക്കാനുളള ശ്രമം; സമരം അവസാനിപ്പിക്കാനാകാത്തത് പൊലീസിന്റെ ദൗർബല്യമായി കാണരുതെന്ന് മന്ത്രി ആന്റണി രാജു
X

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന്റെ പേരിൽ ബോധപൂർവം കലാപം സൃഷ്ടിക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി ആന്റണി രാജു. യാഥാർത്ഥ്യ ബോധത്തോടെ പെരുമാറാൻ സമരക്കാർ തയാറാകണം. സംഘർഷമുണ്ടാക്കി ആരുടെയും സമാധാനം തകർക്കാൻ ശ്രമിക്കരുത്. പൊലീസും സർക്കാരും ഒരുപോലെ ആത്മസംയമനം പാലിച്ച സമരം വേറെയില്ല. സമരം അവസാനിപ്പിക്കാൻ സാധിക്കാത്തത് പൊലീസിന്റെ ദൗർബല്യമായി കാണരുത്. ഒരു കാലഘട്ടത്തിലും സ്വീകരിക്കാത്ത നടപടികളാണ് സമരം അവസാനിപ്പിക്കാൻ സർക്കാർ നടത്തിയതെന്നും മന്ത്രി പ്രതികരിച്ചു.

സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്റെ ഫലമാണ് വിഴിഞ്ഞത്തുണ്ടായ സംഘർഷമെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേര പ്രതികരിച്ചിരുന്നു. വെെദികർ ഉൾപ്പെടെയുളളവർക്കെതിരെ ഗൂഢനീക്കം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുളള സംഘർഷത്തിൽ കേസെടുത്ത് നടപടികൾ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാദർ യൂജിൻ പെരേര അടക്കമുള്ളവർക്കെതിരെയുളള കേസെടുത്തിട്ടുളളത്.

ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോയാണ് സംഘർഷത്തിലെ ഒന്നാം പ്രതി. സഹായമെത്രാൻ ഡോ. ആർ ക്രിസ്തുദാസ് ഉൾപ്പെടെ അമ്പതോളം വൈദികർ പ്രതിപ്പട്ടികയിലുണ്ട്. ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറിൽ സൂചിപ്പിക്കുന്നത്. രണ്ടുലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് കേസെടുത്തു. സമരം മൂലം നിർമാണ കമ്പനിക്ക് ഉണ്ടായ നഷ്ടം സമരസമിതിയിൽനിന്ന് ഈടാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

STORY HIGHLIGHTS: minister antony raju on vizhinjam protest

Next Story