Top

'കെപിസിസി അധ്യക്ഷനായെങ്കിലും സുധാകരന്‍ വളരുന്നില്ല'; അധിക്ഷേപ പരാമർശത്തില്‍ വിമര്‍ശനങ്ങള്‍ തുടരുന്നു

''ഉയര്‍ന്നതലത്തില്‍ പെരുമാറുവാന്‍ കെ. സുധാകരന്‍ ഇനിയെങ്കിലും പരിശ്രമിക്കണം.''

19 May 2022 10:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെപിസിസി അധ്യക്ഷനായെങ്കിലും സുധാകരന്‍ വളരുന്നില്ല; അധിക്ഷേപ പരാമർശത്തില്‍ വിമര്‍ശനങ്ങള്‍ തുടരുന്നു
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിമര്‍ശനവുമായി മന്ത്രി ആന്റണി രാജുവും. കെ. സുധാകരന്‍ നടത്തിയ പരാമര്‍ശം തികച്ചും അപലപനീയമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായെങ്കിലും ഒരു ചെറുകിട രാഷ്ട്രീയ നേതാവില്‍ നിന്ന് അദ്ദേഹം ഒട്ടും വളര്‍ന്നില്ല എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ജല്പനമെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.

''സംസ്ഥാനത്തെ അനുദിനം വികസന കുതിപ്പിലേക്ക് നയിക്കുന്ന പിണറായി വിജയന്‍ ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ പ്രതീക്ഷയാണ്. ഉപതെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് വായില്‍ വരുന്നതെല്ലാം വിളിച്ചു പറയുന്നത് കെപിസിസി പ്രസിഡണ്ട് പോലുള്ള ഉന്നത പദവിയിലിരിക്കുന്നവര്‍ക്ക് യോജിച്ചതല്ല.'' വെറും മൂന്നാംകിട പ്രവര്‍ത്തനങ്ങളില്‍നിന്ന് ഉയര്‍ന്നതലത്തില്‍ പെരുമാറുവാന്‍ കെ. സുധാകരന്‍ ഇനിയെങ്കിലും പരിശ്രമിക്കണമെന്ന് മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു.

അതേസമയം, മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കെ സുധാകരനെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് നേരിട്ടിറങ്ങി നേതൃത്വം വഹിക്കുന്നതിനെതിരെയായിരുന്നു രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ രംഗത്തെത്തിയത്. ചങ്ങലയില്‍ നിന്നും പൊട്ടിപ്പോയ നായയേപ്പോലെയാണ് മുഖ്യമന്ത്രി തൃക്കാക്കരയില്‍ വന്നിരിക്കുന്നതെന്നായിരുന്നു സുധാകരന്റെ വിവാദപ്രസ്താവന.

കെ സുധാകരന്‍ പറഞ്ഞത്: ''ഹാലിളകിയത് ഞങ്ങള്‍ക്കല്ല. ഹാലിളകിയത് അദ്ദേഹത്തിനാണ്. വഴിനീളെ ഇങ്ങനെ തേരാപാരാ നടക്കുന്നു. ഒരു മുഖ്യമന്ത്രിയാണീ നടക്കുന്നതെന്ന് ഓര്‍മ്മ വേണം. ഒരു നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം ചങ്ങലയില്‍ നിന്ന് പൊട്ടിയ നായ പോലെയല്ലേ വരുന്നത്. ചങ്ങലയില്‍ നിന്ന് പൊട്ടിയാല്‍ പട്ടി എങ്ങനെയാ പോകുക? അതുപോലെയല്ലേ അദ്ദേഹം വരുന്നത്? എന്തെങ്കിലുമുണ്ടോ? നിയന്ത്രിക്കാന്‍ ആരെങ്കിലുമുണ്ടോ? അയാളെ പറഞ്ഞുമനസിലാക്കാന്‍ ആരെങ്കിലുമുണ്ടോ? അയാള്‍ ഇറങ്ങി നടക്കുവല്ലേ. ഞങ്ങള്‍ക്ക് ഹാലിളകിയിട്ടൊന്നുമില്ല. ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതേ ഞങ്ങള്‍ ചോദിക്കുന്നുള്ളൂ. അര്‍ഹതയില്ലാത്തത് ചോദിക്കുന്നത് അവരാണ്.''

പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. ചങ്ങല പൊട്ടിയ പട്ടിയെ പോലെ ഓടുകയാണെന്നത് മലബാറിലെ ഒരു ഉപമയാണത്. മുഖ്യമന്ത്രിയെ അപമാനിക്കുന്ന രീതിയില്‍ ഒരു വാക്കും പറഞ്ഞിട്ടില്ല. പട്ടിയെന്ന് വിളിച്ചെന്ന് തോന്നുന്നുവെങ്കില്‍ അത് പിന്‍വലിക്കുന്നു. പക്ഷെ ക്ഷമ പറയില്ലെന്നുമായിരുന്നു സുധാകരന്റെ മറുപടി.

സുധാകരന്‍ പറഞ്ഞത്: ''ഞാന്‍ എന്നെക്കുറിച്ച് പറയാറുണ്ട്. ഞാന്‍ ഇപ്പോള്‍ ചങ്ങല പൊട്ടിയ പട്ടിയെ പോലെ ഓടുകയാണെന്ന്. അതുകൊണ്ട് ഞാന്‍ പട്ടിയെന്ന് അല്ല അര്‍ത്ഥം. അദ്ദേഹം പട്ടിയാണെന്ന് അല്ല അര്‍ത്ഥം. മലബാറിലെ ഒരു ഉപമയാണത്. അതില്‍ എന്ത് തെറ്റാണ്. പിണറായി വിജയന്‍ മലയാള നിഘണ്ടുവിലേക്ക് എന്തെല്ലാം പുതിയ പരാമര്‍ശങ്ങള്‍ കൊടുത്തിട്ടുണ്ട്. കുലംകുത്തി, നികൃഷ്ടജീവി, പരനാറി ഇതെല്ലാം പിണറായി വിജയന്റെ സംഭാവനകളാണ്. അദ്ദേഹം പട്ടിയെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ തോന്നിയെങ്കില്‍ അത് പിന്‍വലിക്കുന്നു. അദ്ദേഹത്തെ അപമാനിക്കുന്ന രീതിയില്‍ ഒരു വാക്കും പറഞ്ഞിട്ടില്ല. ക്ഷമപണമില്ല, പരാമര്‍ശം പിന്‍വലിക്കുന്നു. പരാമര്‍ശത്തില്‍ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ അത് ഞാന്‍ നേരിട്ടോളാം. അവര്‍ ഇത് തെരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമാക്കിയാല്‍ ഒരു പ്രശ്‌നവുമില്ല, പത്ത് വോട്ട് കൂടുതല്‍ കിട്ടും.''

കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

''തൃക്കാക്കര മണ്ഡലം തങ്ങളുടെ കുത്തകയാണെന്നും അവിടെ ജയിച്ചുവരുമെന്നുമുള്ള യുഡിഎഫിന്റെ പ്രതീക്ഷകളെ പൂര്‍ണ്ണമായും അസ്ഥാനത്താക്കിക്കൊണ്ടുള്ള ജനമുന്നേറ്റമാണ് തൃക്കാക്കരയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വികസന പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തുകൊണ്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇത്തരം മുന്നേറ്റത്തിന് ഒരു സുപ്രധാന ഘടകമായി മാറിയിട്ടുള്ളത്. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനാകാതെ സ്തംഭിച്ച് നില്‍ക്കുകയാണ് യുഡിഎഫ്.'' ഇതിന്റെ ഫലമായി സമനില നഷ്ട്ടപ്പെട്ട കെപിസിസി പ്രസിഡന്റിന്റെ യഥാര്‍ത്ഥ സംസ്‌കാരമാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നാണ് സിപിഐഎം പറഞ്ഞത്.

''കോണ്‍ഗ്രസ്സിന്റെ മുഖം മാറ്റാനെന്ന പേരില്‍ സംഘടിപ്പിച്ച ചിന്തന്‍ശിബറിന് ശേഷമാണ് ഈ പ്രസ്താവന പുറത്തുവന്നിട്ടുള്ളത്. കോണ്‍ഗ്രസ്സിന്റെ മാറുന്ന മുഖമാണോ ഇതെന്ന് സ്വാഭാവികമായും ജനങ്ങള്‍ സംശയിക്കും. അതുകൊണ്ട് ഇക്കാര്യത്തില്‍ മറ്റ് കോണ്‍ഗ്രസ്സ് നേതാക്കളുടെയും യുഡിഎഫ് നേതാക്കളുടെയും അഭിപ്രായം അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടാകും. രാഷ്ട്രീയ പ്രവര്‍ത്തനമെന്നത് ഉന്നതമായ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നടത്തേണ്ട ഒന്നാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ രാഷ്ട്രീയമായി ഭിന്നതയുള്ളവരെപോലും ചിന്തിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുമ്പോള്‍ മാത്രമേ രാഷ്ട്രീയം ജനങ്ങള്‍ക്കാകമാനം മതിപ്പുളവാക്കുന്ന ഒന്നായി മാറുകയുള്ളൂ. അതിനുപകരം കെപിസിസി പ്രസിഡന്റ് നടത്തിയിട്ടുള്ള പ്രസ്താവന കേരളത്തിന്റെ രാഷ്ട്രീയത്തെ മലീമസമാക്കാനുള്ളതാണ്. പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷം ഉണ്ടാക്കി നേട്ടം കൊയ്യാനാകുമോ എന്ന അവസാന അടവാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് മുന്നോട്ട് വച്ചിട്ടുള്ളത്.'' ഇത്തരം രാഷ്ട്രീയ സംസ്‌കാരത്തിനൊപ്പം കേരളം ഇല്ലെന്ന പ്രഖ്യാപനമായി തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം മാറുമെന്നും സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു.

Next Story