Top

ബഫര്‍ സോണ്‍: 'നിലവിലെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കില്ല', ആവശ്യമെങ്കില്‍ ഫീല്‍ഡ് സര്‍വേ നടത്തുമെന്ന് വനം മന്ത്രി

'ആവശ്യമെങ്കില്‍ റവന്യൂവകുപ്പിന്റെ സഹായം തേടുകയും ഫീല്‍ഡ് സര്‍വേ നടത്തുകയും ചെയ്യും'

18 Dec 2022 7:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബഫര്‍ സോണ്‍: നിലവിലെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കില്ല, ആവശ്യമെങ്കില്‍ ഫീല്‍ഡ് സര്‍വേ നടത്തുമെന്ന് വനം മന്ത്രി
X

കോഴിക്കോട്: ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധം തുടരവെ പ്രതികരണവുമായി വനംമന്ത്രി എ കെ ശശീന്ദ്രന്‍. നിലവിലെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഒരു കിലോമീറ്ററിന് സമീപം ജനവാസ മേഖലയാണെന്ന് സുപ്രീംകോടതിയെ ധരിപ്പിക്കേണ്ടതുണ്ട്. ഇതിനാണ് ഉപഗ്രഹ സര്‍വേ നടത്തിയതെന്നും മന്ത്രി അറിയിച്ചു.

സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുക പുതിയ റിപ്പോര്‍ട്ടായിരിക്കും. ആവശ്യമെങ്കില്‍ റവന്യൂവകുപ്പിന്റെ സഹായം തേടുകയും ഫീല്‍ഡ് സര്‍വേ നടത്തുകയും ചെയ്യും. അപാകത ഉണ്ടാകാന്‍ സാധ്യത ഉള്ളത് കൊണ്ടാണ് ആ റിപ്പോര്‍ട്ട് തന്നെ സമര്‍മിപ്പിക്കാത്തത്. ഈ മാപ്പ് നോക്കി സാധാരണക്കാരന്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പരാതി അറിയിക്കാനുള്ള അവസരമാണ്. വസ്തുതാ വിരുദ്ധമായെങ്കില്‍ ചൂണ്ടിക്കാട്ടേണ്ട അവസരമാണ്. പരാതികള്‍ സമര്‍പ്പിക്കാനുള്ള തിയതി നീട്ടാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും എ കെ ശശീന്ദ്രന്‍ അറിയിച്ചു.

പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ സമയപരിധി നീട്ടാനുള്ള ശ്രമം സ്വാഗതാര്‍ഹമാണ്. സംശയങ്ങള്‍ ദൂരീകരിച്ച് പുതുക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കമ്മീഷന്റെ കാലാവധി രണ്ട് മാസം കൂടി നീട്ടിയിട്ടുണ്ട്. കമ്മീഷന് രണ്ടുമൂന്ന് സിറ്റിങ് ആവശ്യമായി വരും. കമ്മീഷനാണ് തിയതി നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത്. സര്‍ക്കാര്‍ അല്ല. പ്രായോഗികമായ ഏത് തീരുമാനത്തെയും സര്‍ക്കാര്‍ തുറന്ന മനസോടെ സ്വീകരിക്കും. സമരത്തിന് തയ്യാറാവുന്ന ആരാണെങ്കിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Story Highlights: Minister AK Saseendran's Response On Buffer Zone Issue

Next Story