തീരദേശ കപ്പല്‍ സര്‍വീസ്: വാര്‍ത്തകള്‍ വാസ്തവിരുദ്ധം, ജെ.എം ബക്സി എത്തിയത് സര്‍ക്കാര്‍ ക്ഷണം സ്വീകരിച്ചെന്ന് മന്ത്രി
രാജ്യത്ത് ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ചിച്ച് സര്‍വ്വീസ് നടത്തുന്ന കപ്പലുകള്‍ക്ക് കേരളത്തില്‍ മാത്രമാണ് ഇന്‍സെന്റീവ് നല്‍കുന്നതെന്ന് മന്ത്രി.
31 March 2022 2:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അഴീക്കല്‍, കൊല്ലം, ബേപ്പൂര്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ച് തീരദേശ കപ്പല്‍ സര്‍വീസ് നടത്തുന്ന കമ്പനി ഈ മേഖലയില്‍ നിന്ന് പിന്മാറുന്നുവെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.
രാജ്യത്തെ മുന്‍നിര കപ്പല്‍ കമ്പനിയായ 'ജെ.എം ബക്സി ഗ്രൂപ്പ്' സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് സര്‍വ്വീസ് ഏറ്റെടുത്തത്. ഇതിന് വേണ്ടി സര്‍ക്കാര്‍ പ്രത്യേക ഇന്‍സെന്റീവ് സ്കീം ഏര്‍പ്പെടുത്തുകയുണ്ടായി. രാജ്യത്ത് ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ചിച്ച് സര്‍വ്വീസ് നടത്തുന്ന കപ്പലുകള്‍ക്ക് കേരളത്തില്‍ മാത്രമാണ് ഇന്‍സെന്റീവ് നല്‍കുന്നത്. സംസ്ഥാനത്തെ ഉയര്‍ന്ന കൈകാര്യചെലവും റിട്ടേണ്‍ കാര്‍ഗോയുടെ അഭാവവും പരിഗണിച്ചാണ് ഇന്‍സെന്റീവ് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
''കപ്പല്‍ ഇതുവരെ 3021 കണ്ടെയ്നറുകള്‍ ബേപ്പൂരിലേക്കും തിരിച്ചും കൊണ്ടുവന്നു. ഇന്‍സെന്റീവ് ഇനത്തില്‍ ഇതുവരെ കമ്പനിക്ക് 1.56 കോടി രൂപ വിതരണം ചെയ്തു. ഇനി 71 ലക്ഷം രൂപകൂടി നല്‍കാനുണ്ട്. നിശ്ചിത ബജറ്റ് ശീര്‍ഷകത്തില്‍ വകയിരുത്തിയ തുക തികയാതിരുന്നതിനാലാണ് നല്കാന് കഴിയാതിരുന്നത്. മറ്റു ശീര്‍ഷകത്തില്‍ നിന്ന് വകമാറ്റി തുക അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സാമ്പത്തിക ആസൂത്രണകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. ആവശ്യമെങ്കില്‍ കേരള മാരിടൈം ബോര്‍ഡിന്റെ ജനറല്‍ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചു നല്കാന് നിര്‍ദ്ദേശം നല്‍കും.''
അഴീക്കല്‍ തുറമുഖത്തേക്ക് ഇതുവരെ കപ്പല്‍ 11 സര്‍വ്വീസുകള്‍ നടത്തി. 26 ലക്ഷം രൂപ ഇന്‍സെന്റീവായി നല്കി. കൊല്ലത്തേക്ക് 47 കണ്ടെയ്നറുകള്‍ കൊണ്ടുവന്നു. 79 ലക്ഷം രൂപ ഇന്‍സെന്റീവായി നല്കി. ഇന്‍സെന്റീവ് ഇനത്തില്‍ കൊല്ലം, അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്ന് ഒരു തുകയും കപ്പല്‍ കമ്പനിക്ക് നല്‍കാനില്ലെന്ന് മന്ത്രി അറിയിച്ചു.
''ഇപ്പോള്‍ സര്‍വീസ് നടത്തുന്ന കപ്പലിന്റെ അറ്റകുറ്റ പണികള്‍ക്കായാണ് താത്ക്കാലികമായി സര്‍വീസ് നിര്ത്തിവെച്ചിട്ടുള്ളതെന്നാണ് കപ്പല്‍ കമ്പനി അറിയിച്ചത്. നിലവില്‍ സര്‍വ്വീസ് നടത്തുന്ന ഇഒ8 എന്ന കപ്പലിന് പകരം കൂടുതല്‍ ക്ഷമതയുള്ള ഇഒ7 എന്ന കപ്പല്‍ കൂടി കേരളത്തില്‍ സര്‍വ്വീസ് നടത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ അവസാന വാരത്തോടെ രണ്ടാമത്തെ കപ്പല്‍ സര്‍വ്വീസും ആരംഭിക്കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളില്‍ ആവശ്യമായ ആഴം നിലനിര്‍ത്തുന്നതിനുള്ള ഡ്രഡ്ജിംഗ് നടത്തുന്നതിന് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്.''
നടപടി ക്രമങ്ങള്‍ പാലിച്ച് ഡ്രഡ്ജിംഗ് ഉടന്‍ പൂര്‍ത്തിയാക്കും. മാരിടൈം ബോര്‍ഡിന്റെ കാലാവധി നിജപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഓഡിനന്‍സ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മാരിടൈം ബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. ചെറുകിട തുറമുഖ മേഖലയില്‍ പുതിയ പ്രൊജക്ടുകള്‍ ഏറ്റെടുക്കുന്നതിന് തുറമുഖവകുപ്പ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒരു ഇന്‍വെസ്റ്റേഴ്സ് മീറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.