Top

'വിഴിഞ്ഞത്തെ സുരക്ഷയ്ക്ക് കേന്ദ്രസേനയുടെ ആവശ്യമില്ല'; സംസ്ഥാന പൊലീസ് സജ്ജമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കലക്ക വെള്ളത്തില്‍ ചിലര്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുകയാണെന്നും അഹമ്മദ് ദേവര്‍കോവില്‍ വിമര്‍ശിച്ചു

4 Dec 2022 8:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഴിഞ്ഞത്തെ സുരക്ഷയ്ക്ക് കേന്ദ്രസേനയുടെ ആവശ്യമില്ല; സംസ്ഥാന പൊലീസ് സജ്ജമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖമേഖലയില്‍ സുരക്ഷയൊരുക്കാന്‍ കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ക്രമസമാധാനത്തില്‍ കേരള പൊലീസ് പര്യാപ്തമാണ്. സംസ്ഥാന പൊലീസ് ഇതിന് സജ്ജമാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസേനയെ ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരല്ല, തുറമുഖ നിര്‍മ്മാണ കമ്പനിയാണെന്നും പദ്ധതി പ്രദേശത്തിന് അകത്താണ് സുരക്ഷ ആവശ്യപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു.

മന്ത്രി ആന്റണി രാജു പറയുന്ന കാര്യങ്ങളെ തള്ളികയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കേന്ദ്രസേനയെ ആവശ്യപ്പെട്ടത് അദാനി ഗ്രൂപ്പാണെന്നും സര്‍ക്കാരിനോട് കോടതി അഭിപ്രായം മാത്രമാണ് ചോദിച്ചതെന്നുമായിരുന്നു ആന്റണി രാജു പറഞ്ഞത്. സംസ്ഥാനം എതിര്‍ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആന്റണി രാജുവിന്റെ നാട്ടിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തന്നേക്കാള്‍ കൂടുതല്‍ അറിവ് ഇക്കാര്യത്തില്‍ ആന്റണി രാജുവിന് ഉണ്ടാകാം. കലക്ക വെള്ളത്തില്‍ ചിലര്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുകയാണെന്നും അഹമ്മദ് ദേവര്‍കോവില്‍ വിമര്‍ശിച്ചു. പ്രതിപക്ഷത്ത് ഇരിക്കുന്നതു കൊണ്ടാണ് പദ്ധതിയെ കോണ്‍ഗ്രസ് തടസപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വിഴിഞ്ഞം ചര്‍ച്ചയിപ്പോഴും അവസാനിച്ചിട്ടില്ല. മധ്യസ്ഥ ശ്രമം ഒരു ഭാഗത്ത് നടക്കുന്നുണ്ട്. വിഴിഞ്ഞത്ത് പ്രതിഷേധം ഉയര്‍ത്തുന്നത് ഏത് മതത്തില്‍പ്പെട്ടയാളുകളാണെന്ന് നോക്കണ്ടേ ആവശ്യം സര്‍ക്കാരിനില്ല. ഒരു ജനവിഭാഗം എന്ന നിലയിലാണ് പ്രതിഷേധക്കാരെ കാണുന്നത്. സര്‍ക്കാര്‍ ഒരു തീരുമാനമെടുക്കുന്നത് ഒരു പ്രത്യേക മതവിഭാഗങ്ങള്‍ക്ക് വേണ്ടിയല്ലെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Story Highlights: Minister Ahamed Devarkovil About Centre Forces Protection

Next Story