അണ്‍എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്ക് മിനിമം വേതനം; നിയമ നിര്‍മ്മാണം സജീവ പരിഗണനയില്‍: മന്ത്രി വി ശിവന്‍കുട്ടി
13 Oct 2021 7:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അംഗീകാരമുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് മിനിമം വേതനംഉറപ്പു വരുത്താന്‍ പുതിയ നിയമ നിര്‍മ്മാണം നടത്തുന്നകാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി വി ശിവന്‍കുട്ടി. നിയമ സഭയില്‍ കെകെ. രാമചന്ദ്രന് എംഎല്‍എയുടെ സബ്മിഷനുള്ള മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ അംഗീകാരമുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ നേരിടുന്ന തൊഴില്‍ ചൂഷണവും തൊഴില്‍ സുരക്ഷിതത്വമില്ലായ്മയും പരിഹരിക്കുന്നതിനും അദ്ധ്യാപകര്ക്ക്മിനിമം വേതനമെങ്കിലും ഉറപ്പു വരുത്തുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയുടെ വിധിന്യായത്തിന്റെഅടിസ്ഥാനത്തില് സംസ്ഥാനത്തെ അണ് എയ്ഡഡ് മേഖലയിലുള്ള വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചുകൊണ്ട് ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇത് പ്രകാരം ഹെഡ്മാസ്റ്റര് 7,000/ രൂപ,ഹൈസ്കൂള്‍ അസിസ്റ്റന്റ് 6,000/ രൂപ,പ്രൈമറി ടീച്ചര്‍ 5,000/ രൂപ,ക്ലാര്‍ക്ക് 4,000/ രൂപ,പ്യൂണ്‍/ക്ലാസ് നാല് 3,500/രൂപ എന്നിങ്ങനെ മിനിമം വേതനം നിശ്ചയിക്കുകയുമുണ്ടായി. ഈ വിഷയത്തില്‍ കേരളാ ഹൈക്കോടതി തുടര്‍ന്ന് ഇടപെടുകയും ഹയര്‍സെക്കണ്ടറി,സെക്കണ്ടറി,പ്രൈമറി അദ്ധ്യാപകര്‍ക്ക് യഥാക്രമം രൂപ 20,000/,15,000/,10,000/ എന്നീ ക്രമത്തില്‍ പ്രതിമാസം വേതനം നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു.
സര്‍ക്കാര്‍ ഉത്തരവിന്റേയും ഹൈക്കോടതി വിധിയുടേയും അടിസ്ഥാനത്തില്‍,സ്കൂളുകളില്‍ പൊതുവില്‍ നടത്തുന്ന പരിശോധനകളില്‍ ജീവനക്കാര്‍ക്ക് ഇപ്രകാരം വേതനം അനുവദിക്കുന്നുണ്ടോ എന്ന കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.കൂടാതെ പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലും നടപടികളും സ്വീകരിക്കുന്നുണ്ട്. അണ് എയ്ഡഡ് സ്കൂളുകളിലെ അനദ്ധ്യാപകര്‍ക്ക് നല്കേണ്ടതായ മിനിമം വേതനവും സേവന വ്യവസ്ഥകളും നിശ്ചയിച്ചുകൊണ്ട് അന്തിമ വിജ്ഞാപനം തൊഴിലും നൈപുണ്യവും വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. 1961ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിലെ എല്ലാ വ്യവസ്ഥകളും അണ്‍എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരടക്കമുള്ളവര്‍ക്ക് ബാധകമാക്കികൊണ്ടുള്ള വിജ്ഞാപനം തൊഴിലും നൈപുണ്യവും വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ ജില്ലയിലെ പഴുവില്‍ ശ്രീ. ഗോകുലം പബ്ലിക് സ്കൂളിലെ 35 അദ്ധ്യാപകരെ പിരിച്ചുവിട്ടത് സംബന്ധിച്ച് തൃശ്ശൂര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ മുഖേന അന്വേഷിച്ചിരുന്നു. കൊവിഡ് കാലഘട്ടത്തില്‍ ഏകദേശം 35 അദ്ധ്യാപകരെ മുന്‍കൂര്‍ നോട്ടീസോ അറിയിപ്പോ കൂടാതെ പിരിച്ചുവിട്ടിട്ടുള്ളതായും ഇവര്‍ക്ക് യാതൊരു ആനുകൂല്യങ്ങളും നല്‍കിയിട്ടില്ലെന്നും അറിഞ്ഞിട്ടുണ്ട്. മേല്‍ സ്ഥാപനത്തില്‍ നിന്നും അദ്ധ്യാപകേതര ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതിയൊന്നും തൃശ്ശൂര്‍ ജില്ലാ ലേബര്‍ ഓഫീസില്‍ ലഭിച്ചിട്ടില്ല.
അതേസമയം, 1947 ലെ വ്യവസായ തര്‍ക്ക നിയമം വകുപ്പ് 2 (എസ്) പ്രകാരമുള്ള തൊഴിലാളി എന്ന നിര്‍വ്വചനത്തില്‍ അദ്ധ്യാപകര്‍ വരുന്നില്ല. ആയതിനാല്‍ ഈ വിഷയത്തിന്മേല് നടപടി സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ലാ എന്നും പരാതിക്കാരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ വ്യക്തമായ നിയമത്തിന്റെ അഭാവത്തില്‍ ഇക്കാര്യത്തില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് പരിമിതികളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പിന്നാലെയാണ് സംസ്ഥാനത്തെ അംഗീകാരമുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ നേരിടുന്ന തൊഴില്‍ ചൂഷണവും തൊഴില്‍ സുരക്ഷിതത്വമില്ലായ്മയും പരിഹരിക്കുന്നതിനും അദ്ധ്യാപകര്ക്ക്മിനിമം വേതനമെങ്കിലും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയുംഒരു പുതിയ നിയമ നിര്‍മ്മാണം നടത്തുന്നകാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയത്.
- TAGS:
- V Sivankutty
- teachers