കടവന്ത്ര കൊലപാതകം; ഭര്‍ത്താവ് കേരളം വിട്ടതായി സംശയം; നല്‍കിയത് വ്യാജ രേഖകള്‍
കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്
25 Oct 2022 4:33 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: കടവന്ത്ര എളംകുളത്തെ ഗിരിനഗറിലെ വീട്ടില്‍ യുവതിയെ കൊന്ന് പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ഇതര സംസ്ഥാന തൊഴിലാളിയായ രാം ബഹദൂറ് കേരളം വിട്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇവര്‍ വീട്ടുടമയ്ക്ക് നല്കിയ രേഖകള്‍ വ്യാജമാണ്. മഹാരാഷ്ട്ര സ്വദേശി ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. എന്നാല്‍ കൈമാറിയ രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞതോടെ ഇവരുടെ പേര് വിവരങ്ങളില്‍ അവ്യക്തത തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്. വീടിന്റെ പരിസരത്ത് നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെതുടര്‍ന്ന് അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസിന്റെ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്.
ദമ്പതികള്‍ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. ഒരുപക്ഷെ ഇത്തരത്തില്‍ വഴക്ക് കൊലയിലേക്ക് നയിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.