ലിഫ്റ്റിലേക്ക് കടക്കാൻ ശ്രമിക്കവെ തലകുടുങ്ങി; കോഴിക്കോട് മധ്യവയസ്കൻ മരിച്ചു
ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കൂടത്തായിയിലെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം
27 Dec 2022 5:09 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: സർവീസ് ലിഫ്റ്റിൽ ചാടിക്കയറാൻ ശ്രമിക്കവേ ഒരാൾ തലകുടുങ്ങി മരിച്ചു. അയൽവാസിയുടെ വിവാഹ സത്കാരത്തിന് പങ്കെടുക്കാനെത്തിയതാണ് ഇയാൾ. കൂടത്തായി ചക്കികാവ് പുറായിൽ കാഞ്ഞിരാപറമ്പിൽ ദാസൻ (53) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കൂടത്തായിയിലെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.
സദ്യയ്ക്ക് ആവശ്യമായ പപ്പടവുമായി മുകളിലത്തെ നിലയിലേക്ക് പോവുകയായിരുന്ന ലിഫ്റ്റിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ ഇയാൾ തെന്നിവീഴുകയായിരുന്നു. തുടർന്ന് ഇരുമ്പ് കമ്പിക്കും ചങ്ങലയ്ക്കും ഇടയിൽ തല കുടുങ്ങി. ആ സമയം ലിഫ്റ്റ് ഉയർന്ന് തുടങ്ങിയിരുന്നു. അപകടം കണ്ടയാൾ ഉടൻ തന്നെ ലിഫ്റ്റ് താഴെയിറക്കി.
ഗുരുതരമായി പരുക്കേറ്റ ഇയാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയില്ലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തു. സർവീസ് ലിഫ്റ്റിന് മറ്റ് ലിഫ്റ്റുകളുടെ സുരക്ഷാസൗകര്യങ്ങളുണ്ടായിരുന്നില്ല. അച്ഛൻ - കാഞ്ഞിരാപറമ്പിൽ പരേതനായ ശങ്കരൻ, അമ്മ- പരേതയായ ദേവകി, ഭാര്യ- അജിത, മക്കൾ- ആദിൽഷ, ആജിൻഷ, മരുമകൻ-സുജീഷ് മറിവീട്ടിൽതാഴം, സഹോദരങ്ങൾ- ലീല, രാധ, രാജൻ.
STORY HIGHLIGHTS: middle aged man died in kozhikode trying to get into elevator