Top

എം ജി സര്‍വകലാശാല സംഘര്‍ഷം; കുറ്റരോപിതനായ ആര്‍ഷോ സ്ഥലത്തിലായിരുന്നെന്ന എസ്എഫ്‌ഐ വാദം പൊളിയുന്നു

24 Oct 2021 4:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എം ജി സര്‍വകലാശാല സംഘര്‍ഷം; കുറ്റരോപിതനായ ആര്‍ഷോ സ്ഥലത്തിലായിരുന്നെന്ന എസ്എഫ്‌ഐ വാദം പൊളിയുന്നു
X

എം ജി സര്‍വകലാശാല സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ വാദം പൊളിയുന്നു. പരാതിക്കാരിയായ എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായ പി എം ആര്‍ഷോ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നു. ഈ സാഹചര്യത്തിലാണ് ആര്‍ഷോ സ്ഥാലത്തില്ലായിരുന്നെന്ന എസ്എഫ്‌ഐ വാദം പൊളിഞ്ഞത്.

ആര്‍ഷോയെ എഐഎസ്എഫ് വനിതാ നേതാവ് പേരെടുത്ത് വിളിച്ച് സംസാരിക്കുന്നതുള്‍പ്പെടെ വീഡിയോയില്‍ വ്യക്തമാണ്. ഇതോടെ എസ്എഫ്‌ഐയുടെ വാദങ്ങള്‍ പൊള്ളയാണെന്ന വാദമാണ് എഐഎസ്എഫ് ഉയര്‍ത്തുന്നത്. അതിനിടെ പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പിനുള്ള എസ്എഫ്‌ഐ നീക്കവും സജീവമാണെന്നാണ് വിവരം. ആര്‍ഷോയുടെ സഹപാഠിയായിരുന്ന വനിത നേതാവാണ് അയാളെ പേരെടുത്ത് വിളിക്കുന്നത്. സംഭവസ്ഥലത്ത് കറുത്ത വസ്ത്രം ധരിച്ച് നില്‍ക്കുന്നത് ആര്‍ഷോയാണെന്നുമാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആക്രമണത്തിന് നേതൃത്വം കൊടുത്തത് ആര്‍ഷോ ആണെന്നാണ് എഐഎസ്എഫ് ആരോപണം.

അതേസമയം പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് രണ്ടാം ഘട്ട മൊഴിയെടുപ്പ് നടക്കുക. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നടപടി. കോട്ടയം ഗാന്ധിനഗര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

എഐഎസ്എഫ് നടത്തുന്നത് വ്യാജ പ്രചരണമാണെന്ന് ആരോപിച്ച് എസ്എഫ്ഐ സംസ്ഥാന നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വലതുപക്ഷ പാളയത്തില്‍ ചേക്കേറിയതിന്റെ ജാള്യത മറയ്ക്കാന്‍ ക്യാമ്പസുകളില്‍ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാനാണ് എഐഎസ്എഫ് ശ്രമിക്കുന്നത്. എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്ന എഐഎസ്എഫിന്റെ വ്യാജ പ്രചരണങ്ങളെ വിദ്യാര്‍ത്ഥികള്‍ തള്ളികളയണമെന്നും എസ്എഫഐ ആവശ്യപ്പെട്ടിരുന്നു.

Next Story