Top

'ഒരോളത്തിന് പറഞ്ഞതാണത്രേ...'; എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരായ പരാതി വ്യാജം? സമ്മതിക്കുന്ന എഐവൈഎഫ് നേതാവിന്റെ ചാറ്റ് പുറത്ത്

'ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞതും പുലച്ചി എന്ന് വിളിച്ചതും ഒരു ഓളത്തിന് പറഞ്ഞതാണെന്ന് ശരത് രവീന്ദ്രന്‍'

22 Oct 2021 3:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരോളത്തിന് പറഞ്ഞതാണത്രേ...; എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരായ പരാതി വ്യാജം? സമ്മതിക്കുന്ന എഐവൈഎഫ് നേതാവിന്റെ ചാറ്റ് പുറത്ത്
X

എം ജി യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പ് ആക്രമണത്തിന് പിന്നാലെ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ എഐഎസ്എഫ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത് വ്യാജപരാതിയെന്ന് സൂചന. എഐവൈഎഫ് വൈക്കം മണ്ഡലം ഭാരവാഹി ശരത് രവീന്ദ്രന്റെ വാട്‌സ്ആപ്പ് ചാറ്റിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞതും പുലച്ചി എന്ന് വിളിച്ചതും ഒരു ഓളത്തിന് പറഞ്ഞതാണെന്ന് ശരത് രവീന്ദ്രന്‍, ഒരു ഡിവൈഎഫ്‌ഐ വനിതാ നേതാവിനോട് സമ്മതിക്കുന്ന ചാറ്റാണ് സൈബര്‍ ലോകത്തെ സിപിഐഎം പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. എഐവൈഎഫ് കോട്ടയം ജില്ലാ എക്‌സ്‌ക്യൂട്ടീവ് അംഗം കൂടിയാണ് ശരത് രവീന്ദ്രന്‍.


എഐഎസ്എഫ് നടത്തുന്നത് വ്യാജ പ്രചരണമാണെന്ന് ആരോപിച്ച് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വലതുപക്ഷ പാളയത്തില്‍ ചേക്കേറിയതിന്റെ ജാള്യത മറയ്ക്കാന്‍ ക്യാമ്പസുകളില്‍ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാനാണ് എ.ഐ.എസ്.എഫ് ശ്രമിക്കുന്നത്. എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്ന എ.ഐ.എസ്.എഫിന്റെ വ്യാജ പ്രചരണങ്ങളെ വിദ്യാര്‍ത്ഥികള്‍ തള്ളികളയണമെന്നും സച്ചിന്‍ ദേവ് ആവശ്യപ്പെട്ടിരുന്നു.

എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് ഏഴു എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് ചുമത്തിയിരിക്കുന്നത്.

വിഷയത്തില്‍ എസ്എഫ്‌ഐ പ്രസ്താവന ഇങ്ങനെ: ''എം.ജി സര്‍വ്വകലാശാല സെനറ്റ് സ്റ്റുഡന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ യ്ക്ക് വിദ്യാര്‍ത്ഥികള്‍ ഉജ്ജ്വല വിജയമാണ് സമ്മാനിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരീപക്ഷം സമ്മാനിച്ചാണ് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളെ വിദ്യാര്‍ത്ഥികള്‍ വിജയിപ്പിച്ചത്. വലതുപക്ഷ പാളയം ചേര്‍ന്ന് നിരന്തരം എസ്.എഫ്.ഐ വിരുദ്ധ പ്രചരണങ്ങള്‍ നടത്തി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ തീര്‍ത്തും അനഭിലഷണിയ പ്രവണതകളാണ് എ.ഐ.എസ്.എഫിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.''

''10 കൗണ്‍സിലര്‍മാര്‍ തങ്ങള്‍ക്കൊപ്പമുണ്ട് എന്ന് അവകാശപ്പെട്ട എ.ഐ.എസ്.എഫ് സ്റ്റുഡന്റ് കൗണ്‍സില്‍ സീറ്റുകളില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താഞ്ഞത് കെ.എസ്.യു എ.ഐ.എസ്.എഫ് എം.എസ്.എഫ് സഖ്യത്തിന്റെ ഭാഗമാണ്. എന്നാല്‍ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് ആദ്യ പ്രഫറെന്‍സുകള്‍ നല്‍കി വിജയിപ്പിക്കേണ്ട സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കെ.എസ്.യൂവിനെ കഴിയാതെ വരുകയും അവര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത് എ.ഐ.എസ്.എഫ് ഉള്‍പ്പെടുന്ന ആന്റി എസ്.എഫ്.ഐ മുന്നണിക്ക് തിരിച്ചടിയായി. എസ്.എഫ്.ഐ നേതാക്കളാണ് എന്ന് തെറ്റുധരിപ്പിച്ച് കൗണ്‍സിലേഴ്‌സിനെ വിളിച്ചു ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാന്‍ ശ്രമിച്ചത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് കാരണം.''

''വസ്തുതകള്‍ ഇതായിരിക്കേ ബോധപൂര്‍വ്വം തെറ്റുധാരണ പരത്തി, കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വലതുപക്ഷ പാളയത്തില്‍ ചേക്കേറിയതിന്റെ ജാള്യത മറയ്ക്കാന്‍ ക്യാമ്പസുകളില്‍ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാന്‍ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്ന എ.ഐ.എസ്.എഫിന്റെ വ്യാജ പ്രചരണങ്ങളെ വിദ്യാര്‍ത്ഥികള്‍ തള്ളികളയണം.''

വിഷയത്തില്‍ എഐഎസ്എഫ് പ്രസ്താവന: ''എം ജി യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ നടത്തിയ അതിക്രൂരമായ ആക്രമണത്തിനു ശേഷം, വ്യാപകമായ നുണ പ്രചാരണമാണ് എസ്എഎഫ്‌ഐ നടത്തുന്നത്. അക്രമത്തെ മറച്ചു വെയ്ക്കുകയും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ശ്രമിച്ച എഐഎസ്എഫുകാരെ അധിക്ഷേപിക്കാനുമാണ് എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ കെ എം സച്ചിന്‍ ദേവ് മുതിര്‍ന്നത്.''

''വിദ്യാര്‍ത്ഥിനി നേതാക്കള്‍ അടക്കമുള്ള എഐഎസ്എഫ് സഖാക്കളെ ക്രൂരമായി മര്‍ദിച്ചതിനെ ന്യായീകരിക്കാന്‍, വലതു പക്ഷ കൂട്ടുകെട്ട് എന്നൊക്കെയുള്ള യാതോരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതും തീര്‍ത്തും അപലപനീയമാണ്. പുരോഗമന,ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന് വീമ്പിളക്കുന്ന എസ്എഫ്‌ഐ, എന്തുകൊണ്ടാണ് ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഇത്രമേല്‍ പേടിക്കുന്നത്? കൗണ്‍സിലര്‍മാരുടെ എണ്ണം അവകാശവാദം മാത്രമല്ല എന്നത് എഐഎസ്എഫ് സെനറ്റ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ട് പരിശോധിക്കുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാക്കുവാന്‍ കഴിയുന്നതാണ്. എസ്എഫ്‌ഐ യുടെ വാദം തീര്‍ത്തും തെറ്റാണെന്ന് ഇതിലൂടെ മനസ്സിലാക്കുവാന്‍ കഴിയും. സൈബര്‍ ഗുണ്ടകളുടെ ഭാഷയില്‍ വലതുപക്ഷ ചേരിയിലേക്ക് എഐഎസ്എഫിനെ ചേര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കനയ്യകുമാറിനെ ഉദ്ധരിച്ച് തന്റെ വാദം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്ന സച്ചിന്‍ ദേവ് ങഘഅയുടെ നിലപാട് അടിസ്ഥാന രഹിതമാണ്.''

''എ.പി അബ്ദുള്ളക്കുട്ടിയെന്ന പഴയ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റിനെയും ഋതബ്രത ബാനര്‍ജിയെന്ന മുന്‍ എസ് എഫ് ഐഅഖിലേന്ത്യാ സെക്രട്ടറിയെയും ഖചഡ സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡന്റ്മാരും എസ് എഫ് ഐ നേതാക്കളുമായിരുന്ന ഷക്കീല്‍ അഹമ്മദ് ഖാന്‍ (1992-93),ബിട്ടലാല്‍ ബറുവ (1996-97&98), സയ്യിദ് നാസ്സര്‍ ഹുസ്സയിന്‍ (1999-2000) എന്നിവരുടെ വര്‍ത്തമാനകാല രാഷ്ട്രീയം കൂടി പരിശോധിക്കാന്‍ താങ്കള്‍ മറന്നതാണെങ്കില്‍ സമയം കണ്ടെത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. എഐഎസ്ഫുകാരുടെ കൂടെ വിയര്‍പ്പിന്റെ ഫലമായി ആണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഇന്ന് എംഎല്‍എ കസേരയില്‍ ഇരിക്കുന്നതെന്ന കാര്യം നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് ഓര്‍മ്മിപ്പിക്കേണ്ടി വരികയാണ്. അക്രമങ്ങളെ ന്യായീകരിക്കുകയല്ല, മറിച്ചു സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യത്തിന്റെ മഹത്വം ഇനിയെങ്കിലും എസ്എഫ്‌ഐ ഗുണ്ടകള്‍ക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുകയാണ് സച്ചിന്‍ ദേവ് അടക്കമുള്ള നേതൃത്വം ചെയ്യേണ്ടത്. അതിന് തയ്യാറായില്ലെങ്കില്‍ പ്രതിഷേധച്ചൂട് അറിയേണ്ടിവരും എന്നതിലും സംശയമില്ല.''

Next Story