Top

'സംഘടനയെ ഇല്ലാതാക്കാന്‍ പ്ലാന്‍ ചെയ്താല്‍ മിണ്ടാതിരിക്കണോ?' എംജി പോരില്‍ ഡിവൈഎഫ്‌ഐ- എഐവൈഎഫ് നേതാക്കള്‍ തമ്മിലുള്ള സംഭാഷണം പുറത്ത്

സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ട് വ്യക്തിപരമായ ദ്രോഹമാണ് അപര്‍ണ ചെയ്തത്

23 Oct 2021 3:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംഘടനയെ ഇല്ലാതാക്കാന്‍ പ്ലാന്‍ ചെയ്താല്‍ മിണ്ടാതിരിക്കണോ? എംജി പോരില്‍ ഡിവൈഎഫ്‌ഐ- എഐവൈഎഫ് നേതാക്കള്‍ തമ്മിലുള്ള സംഭാഷണം പുറത്ത്
X

എം ജി യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐയും എഐഎസ്എഫും തമ്മിലുള്ള വാക്ക്‌പോര് തുടരുന്നു. സംഘര്‍ഷത്തിന് പിന്നാലെ എഐഎസ്എഫ് വനിതാ നേതാവ് നല്‍കിയ പരാതി വ്യാജമാണെന്ന വാദവുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എഐവൈഎഫ് വൈക്കം മണ്ഡലം ഭാരവാഹിയും കോട്ടയം ജില്ലാ എക്‌സ്‌ക്യൂട്ടീവ് അംഗവും കൂടിയായ ശരത് രവീന്ദ്രനും ഡിവൈഎഫ്‌ഐ വനിതാ നേതാവ് അപര്‍ണയുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമായിരുന്നു ഇത്. എന്നാല്‍ ഇതിന് പിന്നാലെ ചാറ്റിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്തുവിട്ട് എഐഎസ്എഫും പ്രതിരോധം തീര്‍ത്തു. ഇപ്പോഴിതാ, ശരത് രവീന്ദ്രനും അപര്‍ണയും തമ്മിലുള്ള ശബ്ദസംഭാഷണവും പുറത്തുവന്നിരിക്കുകയാണ്.

ശരത് രവീന്ദ്രന്‍ പറയുന്നത്: ''ഞാന്‍ അപര്‍ണയ്ക്ക് പേഴ്‌സണലായി അയച്ചതാണ് ആ സന്ദേശം. അത് മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കുകയാണ് ചെയ്തത്. എന്നെ ചേട്ടാന്ന് വിളിച്ച് സംസാരിച്ചത് കൊണ്ട് ഞാനും ആ രീതിയിലാണ് സംസാരിച്ചത്. സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ട് വ്യക്തിപരമായ ദ്രോഹമാണ് അപര്‍ണ ചെയ്തത്. നമ്മള്‍ തമ്മിലായത് കൊണ്ടാണ് ഞാന്‍ തര്‍ക്കിച്ചത്.''

അപര്‍ണ പറഞ്ഞത്: ''എന്റെ സംഘടനയെ പാര്‍ട്ടിയെ ചോദ്യംചെയ്ത് കൊണ്ട്, ഇല്ലാതാക്കാന്‍ വേണ്ടി നിങ്ങള്‍ പ്ലാന്‍ ചെയ്താല്‍ ഞങ്ങള്‍ മിണ്ടാതിരിക്കണോ. ഇത് വ്യക്തിപരമായി എടുത്തിട്ട് കാര്യമില്ല.''

ഇന്നലെ വൈകുന്നേരത്തോടെയാണ് ശരത് രവീന്ദ്രനും അപര്‍ണയും തമ്മിലുള്ള ചാറ്റ് പുറത്തുവന്നത്. ഇതില്‍ എഐഎസ്എഫ് നേതാവിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞതും പുലച്ചി എന്ന് വിളിച്ചതും ഒരു ഓളത്തിന് പറഞ്ഞതാണെന്ന് ശരത് രവീന്ദ്രന്‍ സമ്മതിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ ചാറ്റിന്റെ പൂര്‍ണരൂപവുമായി എഐഎസ്എഫും രംഗത്തെത്തി.''പെണ്‍കുട്ടിയെ മോശമായി പറഞ്ഞപ്പോള്‍, ഭീഷണികളെ ന്യായീകരിച്ചപ്പോള്‍ ഞാന്‍ നിങ്ങള്‍ പറയുന്നതാണ് ശരി. മറ്റുള്ളവര്‍ പറയുന്നത് നുണ എന്ന് പറഞ്ഞ് അവസാനിപ്പിക്കുകയാണ് ചെയ്തത്.''- എന്നായിരുന്ന ശരത് രവീന്ദ്രന്റെ പ്രതികരണം.ഈ ചാറ്റുകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ശരത് രവീന്ദ്രനുമായുള്ള സംഭാഷണം അപര്‍ണ പുറത്തുവിട്ടത്. എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് ഏഴു എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് ചുമത്തിയിരിക്കുന്നത്.

എഐഎസ്എഫ് നടത്തുന്നത് വ്യാജ പ്രചരണമാണെന്ന് ആരോപിച്ച് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വലതുപക്ഷ പാളയത്തില്‍ ചേക്കേറിയതിന്റെ ജാള്യത മറയ്ക്കാന്‍ ക്യാമ്പസുകളില്‍ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാനാണ് എ.ഐ.എസ്.എഫ് ശ്രമിക്കുന്നത്. എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്ന എ.ഐ.എസ്.എഫിന്റെ വ്യാജ പ്രചരണങ്ങളെ വിദ്യാര്‍ത്ഥികള്‍ തള്ളികളയണമെന്നും സച്ചിന്‍ ദേവ് ആവശ്യപ്പെട്ടിരുന്നു.

വിഷയത്തില്‍ എസ്എഫ്‌ഐ പ്രസ്താവന ഇങ്ങനെ: ''എം.ജി സര്‍വ്വകലാശാല സെനറ്റ് സ്റ്റുഡന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ യ്ക്ക് വിദ്യാര്‍ത്ഥികള്‍ ഉജ്ജ്വല വിജയമാണ് സമ്മാനിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരീപക്ഷം സമ്മാനിച്ചാണ് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളെ വിദ്യാര്‍ത്ഥികള്‍ വിജയിപ്പിച്ചത്. വലതുപക്ഷ പാളയം ചേര്‍ന്ന് നിരന്തരം എസ്.എഫ്.ഐ വിരുദ്ധ പ്രചരണങ്ങള്‍ നടത്തി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ തീര്‍ത്തും അനഭിലഷണിയ പ്രവണതകളാണ് എ.ഐ.എസ്.എഫിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.''

''10 കൗണ്‍സിലര്‍മാര്‍ തങ്ങള്‍ക്കൊപ്പമുണ്ട് എന്ന് അവകാശപ്പെട്ട എ.ഐ.എസ്.എഫ് സ്റ്റുഡന്റ് കൗണ്‍സില്‍ സീറ്റുകളില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താഞ്ഞത് കെ.എസ്.യു എ.ഐ.എസ്.എഫ് എം.എസ്.എഫ് സഖ്യത്തിന്റെ ഭാഗമാണ്. എന്നാല്‍ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് ആദ്യ പ്രഫറെന്‍സുകള്‍ നല്‍കി വിജയിപ്പിക്കേണ്ട സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കെ.എസ്.യൂവിനെ കഴിയാതെ വരുകയും അവര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത് എ.ഐ.എസ്.എഫ് ഉള്‍പ്പെടുന്ന ആന്റി എസ്.എഫ്.ഐ മുന്നണിക്ക് തിരിച്ചടിയായി. എസ്.എഫ്.ഐ നേതാക്കളാണ് എന്ന് തെറ്റുധരിപ്പിച്ച് കൗണ്‍സിലേഴ്‌സിനെ വിളിച്ചു ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാന്‍ ശ്രമിച്ചത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് കാരണം. വസ്തുതകള്‍ ഇതായിരിക്കേ ബോധപൂര്‍വ്വം തെറ്റുധാരണ പരത്തി, കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വലതുപക്ഷ പാളയത്തില്‍ ചേക്കേറിയതിന്റെ ജാള്യത മറയ്ക്കാന്‍ ക്യാമ്പസുകളില്‍ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാന്‍ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്ന എ.ഐ.എസ്.എഫിന്റെ വ്യാജ പ്രചരണങ്ങളെ വിദ്യാര്‍ത്ഥികള്‍ തള്ളികളയണം.''


Next Story