'മുഖ്യമന്ത്രി പറ്റിക്കുന്നു'; കെ റെയില്‍ കേരളത്തെ വിഭജിക്കുമെന്ന് മെട്രോമാന്‍
എന്തിനാണ് ചെലവ് കുറച്ചു കാണിക്കുന്നതെന്നും ഇ ശ്രീധരന്‍ ചോദിച്ചു.
5 Jan 2022 12:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ റെയില്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മെട്രോമാന്‍ ഇ ശ്രീധരന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മെട്രോമാന്‍ പറഞ്ഞു. കെ റെയില്‍ കേരളത്തെ വിഭജിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. എന്തിനാണ് ചെലവ് കുറച്ചു കാണിക്കുന്നതെന്നും ഇ ശ്രീധരന്‍ ചോദിച്ചു.
കെ റെയില്‍ അര്‍ദ്ധ അതിവേഗ പദ്ധതി കേരളത്തെ വിഭജിക്കില്ലെന്ന വാദം തെറ്റാണ്. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. റെയില്‍ കടന്നുപോകുന്ന ട്രാക്കിന്റെ ഇരുവശങ്ങളിലും ഭിത്തി നിര്‍മ്മിക്കേണ്ടതായി വരുമെന്നും ശ്രീധരന്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഭിത്തി നിര്‍മ്മാണം ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. ഇതുവഴി വെള്ളം ഒഴികുന്നതിലുള്‍പ്പെടെ ഉണ്ടാകുന്ന തടസ്സങ്ങള്‍ വലുതായിരിക്കുമെന്നും മെട്രോമാന്‍ പറഞ്ഞു. ഏകദേശം 393 കിലോമീറ്ററില്‍ ഇത്തരത്തില്‍ ഭിത്തി കെട്ടേണ്ടതായി വരും. അങ്ങനെ സംഭവിച്ചാല്‍ കുട്ടനാടിന്റെ അവസ്ഥയാകുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തില്‍ 393 കിലോമീറ്ററിലും 800 റെയില്‍വേ റോഡ് ഓവര്‍ ബ്രിഡ്ജോ, അണ്ടര്‍ ബ്രിഡ്ജോ നിര്‍മ്മിക്കേണ്ടി വരുമ്പോള്‍ കുറഞ്ഞത് 20 കോടി രൂപയെങ്കിലും ചിലവ് വരും. ഇപ്പോഴത്തെ എസ്റ്റിമേറ്റില്‍ ഈ ചെലവ് ഉള്‍പ്പെടുത്തിയിട്ടില്ല. മാത്രമല്ല, പദ്ധതിയുടെ ഭാഗമായി കൂടുതല്‍ സ്ഥലങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഡിപിആര്‍ സംബന്ധിച്ച് സര്‍ക്കാര്‍ പറയുന്ന വാദത്തിനെതിരെയും ശ്രീധരന്‍ വിമര്‍ശനം ഉന്നയിച്ചു. പ്രധാനപ്പെട്ട പദ്ധതികളുടെ ഡിപിആര്‍ പുറത്തുവിടാന്‍ കഴിയില്ലെന്നത് പറന്നത് കളവാണ്. താന്‍ തന്നെ പത്തോളം പദ്ധതികളുടെ ഡിപിആര്‍ തയ്യാറാക്കിയിട്ടുണ്ട്. അവ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ പറയുന്ന വാദം സത്യാവസ്ഥയെ മറച്ചുവെയ്ക്കാന്‍ വേണ്ടിയാണെന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പദ്ധതിക്ക് ആകെ 63941 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നാണ് പൗര പ്രഖമുഖന്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്. 56891 കോടി രൂപ അഞ്ച് വര്‍ഷം കൊണ്ട് ചെലവാക്കും. 2025 ല്‍ പദ്ധതി പൂര്‍ത്തിയാക്കും. രണ്ട് കൊല്ലം കൊണ്ട് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും. പദ്ധതി വൈകും തോറും ചെലവ് വര്‍ധിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.
കെ റെയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ 9300 ല്‍ അധികം കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരും. എന്നാല്‍ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ കമ്പോള വിലയുടെ നാലിരട്ടി പട്ടണങ്ങളില്‍ രണ്ടിരട്ടിയും നഷ്ടപരിഹാരം നല്‍കും. 1730 കോടി പുനരധിവാസത്തിനും, 4460 കോടി വീടുകളുടെ നഷ്ടപരിഹാരത്തിന് മാറ്റി വച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കുറഞ്ഞ തോതില്‍ ആഘാതം ഉണ്ടാകുന്ന തരത്തില്‍ പദ്ധതി നടപ്പാക്കുക എന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
അതിനിടെ, കെ റെയിലില്‍ പുനരധിവാസ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വാസസ്ഥലം നഷ്ടമാവുകയും ഭൂരഹിതര്‍ ആവുകയും ചെയ്യുന്നവര്‍ക്കാണ് പ്രത്യേക പാക്കേജ്. വാസസ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് നഷ്ട പരിഹാരതുകയ്ക്ക് പുറമേ 4,60,000 രൂപ നല്‍കാനാണ് തീരുമാനം. അല്ലെങ്കില്‍ നഷ്ടപരിഹാരവും 1,60,000 രൂപയും ലൈഫ് മാതൃകയിലുള്ള വീടും നല്‍കും. അതി ദരിദ്രകുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ 5 സെന്റ് ഭൂമിയും, ലൈഫ് മാതൃകയിലുള്ള വീടും. അല്ലെങ്കില്‍ നഷ്ടപരിഹാരത്തുകയ്ക്ക് പുറമെ 5 സെന്റ് ഭൂമിയും, നാല് ലക്ഷം രൂപയും നല്‍കും. കാലിത്തൊഴുത്തുകള്‍ പൊളിച്ചു നീക്കിയാല്‍ 25,000 രൂപ മുതല്‍ 50000 രൂപ. എന്നിങ്ങനെയാണ് പാക്കേജ്.