Top

ദുരന്തമാകും, ഒരു കിലോമീറ്റര്‍ മതില്‍ കെട്ടാന്‍ എട്ട് കോടി വേണം; കെ റെയിലിനെതിരെ വീണ്ടും ശ്രീധരന്‍

പദ്ധതിയുടെ ഗ്രൗണ്ട് സര്‍വ്വേ നടത്തിയിട്ടില്ലെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടി.

9 March 2022 9:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുരന്തമാകും, ഒരു കിലോമീറ്റര്‍ മതില്‍ കെട്ടാന്‍ എട്ട് കോടി വേണം; കെ റെയിലിനെതിരെ വീണ്ടും ശ്രീധരന്‍
X

സില്‍വര്‍ ലൈന്‍ പദ്ധതികെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി നേതാവ് മെട്രോമാന്‍ ഇ ശ്രീധരന്‍ രംഗത്ത്. കേരളത്തിന്റെ അഭിമാന പദ്ധതിയായി രണ്ടാം പിണറായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന സില്‍വർ ലൈൻ പദ്ധതി പരിസ്ഥിതി ദുരന്തമാകുമെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനായി എട്ട് അടി ഉയരത്തില്‍ മതില്‍ കെട്ടേണ്ടതായി വരും. എന്നാല്‍ പദ്ധതിയുടെ ഗ്രൗണ്ട് സര്‍വ്വേ നടത്തിയിട്ടില്ലെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടി.

ഒരു കിലോമീറ്റര്‍ മതില്‍ കെട്ടുന്നതിനായി എട്ട് കോടി രൂപ ആവശ്യമായി വരും. മതിലിന് മുകളില്‍ വയര്‍ ഫെന്‍സിംഗ് നടത്തണം. എന്നാല്‍ ഇക്കാര്യങ്ങള്‍ പദ്ധതിയുടെ ഡിപിആറില്‍ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, ഫ്‌ലൈ ഓവറുകള്‍, സബ് വേകള്‍ തുടങ്ങിയവയുടെ ആവശ്യകതയൊന്നും തന്നെ ഡിപിആര്‍ നല്‍കുന്നില്ല.'

ഇ ശ്രീധരനെയാണ് ബിജെപിയുടെ കെ റെയില്‍ സമര സമിതിയുടെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. സമര സമിതി കണ്‍വീനറായി എഎന്‍ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, മുന്‍ എംഎല്‍എ ഒ രാജഗോപാല്‍, മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ബിജെപി നേതാവ് പികെ കൃഷ്ണദാസ്, സികെ പദ്മനാഭന്‍ എന്നിവരാണ് സമര സമിതിയുടെ രക്ഷാധികാരികള്‍.

കെ റെയിലിനെതിരെ സമരത്തിലേക്ക് കടക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ആലപ്പുഴയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റിയിലാണ് സമര പരിപാടികള്‍ ആസൂത്രണം ചെയ്തത്. പദയാത്രകള്‍ അടക്കം സംഘടിപ്പിച്ചുകൊണ്ടാകും സമര പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ കടന്നുപോകുന്ന സ്ഥലങ്ങള്‍ ബന്ധിപ്പിച്ച് നാല് ദിവസം നീണ്ടു നില്‍ക്കുന്ന പദയാത്ര സംഘടിപ്പിക്കുമെന്നും ബിജെപി വ്യക്തമാക്കി.

STORY HIGHLIGHTS: Metro man E Sreedharan Criticizes K Rail Project

Next Story