Top

'മെഹ്നാസ് സൈക്കോ, ലഹരിക്ക് അടിമ'; ബന്ധം വേണ്ടെന്ന് റിഫയോട് പറഞ്ഞിരുന്നുവെന്ന് പിതാവ്‌

'അവനില്ലാത്തെ പറ്റില്ലെന്നായിരുന്നു മകളുടെ നിലപാട്'

11 May 2022 1:25 PM GMT
അരുണ്‍ മധുസൂദനന്‍

മെഹ്നാസ് സൈക്കോ, ലഹരിക്ക് അടിമ; ബന്ധം വേണ്ടെന്ന് റിഫയോട് പറഞ്ഞിരുന്നുവെന്ന് പിതാവ്‌
X

കൊച്ചി: റിഫയുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ മെഹ്നാസിന്റെ പെരുമാറ്റം മോശമായിരുന്നുവെന്ന് റിഫയുടെ പിതാവ് റാഷിദ്. മെഹ്നാസ് ലഹരി വസ്തുക്കള്‍ക്ക് അടിമയായിരുന്നു. വിവാഹത്തിന് മുമ്പ് നടത്തിയ അന്വേഷണങ്ങളില്‍ മെഹ്നാസിനെക്കുറിച്ച് മോശം അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ഈ ബന്ധവുമായി മുന്നോട്ട് പോകേണ്ടെന്ന് താന്‍ റിഫയോട് പറഞ്ഞിരുന്നു. പലപ്പോഴും ഒരു 'സൈക്കോ'യെപ്പോലെയായിരുന്നു മെഹ്നാസിന്റെ പെരുമാറ്റമെന്നും റാഷിദ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.

മെഹ്നാസുമായി ബന്ധം വേണ്ടെന്ന് മകളോട് പറഞ്ഞപ്പോള്‍ അവനില്ലാത്തെ പറ്റില്ലെന്നായിരുന്നു മകളുടെ നിലപാട്. ബന്ധം ഉപേക്ഷിച്ചു കഴിഞ്ഞാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു മെഹ്നാസിന്റെ ഭീഷണി. കുടുംബത്തിനെതിരെ മെഹ്നാസ് തിരിഞ്ഞേക്കുമോ എന്നായിരുന്നു റിഫയുടെ ആശങ്ക. അതുകൊണ്ടുകൂടിയാവണം മകള്‍ ബന്ധവുമായി മുന്നോട്ട് പോയെതെന്നാണ് കരുതുന്നതെന്നും റാഷിദ് പറഞ്ഞു. ചില സമയത്ത് ഏറ്റവും നന്നായി തന്നെ പെരുമാറുമായിരുന്ന മെഹ്നാസ് ചില സമയങ്ങളില്‍ ഭാര്യ പിതാവാണ് മുന്നില്‍ നില്‍ക്കുന്നത് എന്നുപോലും പരിഗണിക്കാത്ത തരത്തിലുള്ളതാണ് പെരുമാറ്റം പുറത്തെടുക്കാറുണ്ടായിരുന്നു. ഒരിക്കല്‍ തനിക്ക് കിട്ടിയ ലഹരിപ്പൊതി നശിപ്പിച്ചുകളഞ്ഞിരുന്നു. ഇതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് മെഹ്നാസ് പെരുമാറുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മരണം നടന്ന് അടുത്ത ദിവസം തന്നെ മെഹ്നാസിന്റെ കുടുംബവുമായി വീട്ടില്‍ വെച്ച് വാക്കുതര്‍ക്കം ഉണ്ടായിരുന്നു. അന്ന് പൊലീസ് ഇടപെട്ട് അത് രമ്യമായി പരിഹരിച്ചു. എന്നാല്‍, മെഹ്നാസും ഉമ്മയും ചേര്‍ന്ന് റിഫയുടെ ഡ്രസും മറ്റും പായ്ക്ക് ചെയ്തു. കൊണ്ടുപോകാനാണ് എന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് സഹോദരി ഭര്‍ത്താവിന്റെ കാറില്‍ കയറ്റികൊണ്ടുപോയി. ഫോണും ഇപ്പോള്‍ മെഹ്നാസിന്റെ കയ്യിലാണ് ഉള്ളത്. ഫോണില്‍ എന്തും ചെയ്യാന്‍ അറിയുന്ന ആളാണ് മെഹ്നാസ്. ചിലപ്പോള്‍ തെളിവ് നശിപ്പിക്കനാവണം ഫോണ്‍ കൊണ്ടുപോയത്. ഒരു ഷാള്‍ മാത്രം വീട്ടില്‍ വെച്ചിട്ടുണ്ട്. അത് മനപൂര്‍വ്വം വച്ചതാവാനാണ് സാധ്യത. അത് എന്തിനാണ് എന്നറിയില്ല,' റാഷിദ് പറഞ്ഞു.

മൃതദേഹം നാട്ടിലെത്തിച്ച ഉടനെ തന്നെ, ബാച്ച എന്നയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കണമെന്ന് തന്നോട് ആല്‍ബം നിര്‍മ്മാതാവായ തന്‍സീര്‍ കൂത്തുപറമ്പ് ആവശ്യപ്പെട്ടിരുന്നു എന്ന് നേരത്തെ റാഷിദ് റിപ്പോര്‍ട്ടര്‍ ലൈവിനോട് വെളിപ്പെടുത്തിയിരുന്നു. റിഫയുടെ മരണത്തിന് പിന്നാലെ മെഹ്നാസിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കുടുംബം മരണത്തില്‍ ദുരൂഹതയാരോപിച്ചിരുന്നു. മെഹ്നാസിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കോഴിക്കോട് കാക്കൂര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. വീഡിയോ ഗെയിമായ പബ്ജിക്ക് അടിമയായ മെഹ്നാസ് കുട്ടിയോടും മോശമായി പെരുമാറിയിരുന്നുവെന്ന് റിഫയുടെ സഹോദരന്‍ റിജിന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ലൈവിനോട് വെളിപ്പെടുത്തിയിരുന്നു. റിഫയുടെ മരണവിവരമറിഞ്ഞ് താമസസ്ഥലത്ത് എത്തിയപ്പോള്‍ റിഫ തൂങ്ങി മരിച്ചു എന്ന് പറയപ്പെടുന്ന ഫാന്‍ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും തൂങ്ങിയെന്ന് പറയുന്ന ബെഡ്ഷീറ്റ് കിടക്കയില്‍ ഉണ്ടായിരുന്നുവെന്നും റിജിന്‍ പറഞ്ഞിരുന്നു.

മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് റിഫയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ അഡ്വ. പി റഫ്താസും രംദത്തെത്തിയിരുന്നു. മരണത്തിന് പിന്നാലെ ദുബായിയിലെ താമസസ്ഥലത്ത് എത്തിയ പൊലീസിനോട് പരാതിയില്ലെന്ന് പറയാന്‍ മെഹ്നാസ് സഹോദരനെ നിര്‍ബന്ധിച്ചുവെന്നും കഴുത്തിലെ പാട് കണ്ടപ്പോള്‍ പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും അഭിഭാഷകന്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് വ്യക്തമാക്കിയിരുന്നു.

മാര്‍ച്ച് ഒന്നാം തീയതി രാത്രിയായിരുന്നു ദുബായ് ജാഫലിയ്യയിലെ ഫ്‌ലാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്. കാസര്‍ഗോഡ് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്. മരണത്തിന് രണ്ട് മാസം മുന്‍പ് ഭര്‍ത്താവിനും മകനുമൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബായില്‍ എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് ഭര്‍ത്താവ് മാത്രം യുഎഇയിലെത്തി. പിന്നാലെ മകനെ നാട്ടിലാക്കിയ ശേഷം മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് റിഫയും ദുബായില്‍ എത്തിയത്.

STORY HIGHLIGHTS: Mehnas was a Psycho says Rashid Father of Rifa Mehnu

Next Story