Top

'മെ​ഗാ തിരുവാതിര ഒഴിവാക്കേണ്ടത്, അശ്രദ്ധ സംഭവിച്ചു'; മന്ത്രി വി ശിവൻകുട്ടി

തിരുവാതിര കളി നടക്കുന്ന സമയത്ത് ഇടുക്കിയിൽ എസ്എഫ്ഐ നേതാവ് ധീരജ് കൊല്ലപ്പെട്ടിരുന്നു

13 Jan 2022 5:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മെ​ഗാ തിരുവാതിര ഒഴിവാക്കേണ്ടത്, അശ്രദ്ധ സംഭവിച്ചു; മന്ത്രി വി ശിവൻകുട്ടി
X

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് പിന്നാലെ മെ​ഗാതിരുവാതിരയിൽ വിമർശനവുമായി വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. പാറശാലയിൽ സിപിഐഎം മെഗാ തിരുവാതിര നടത്തിയത് അശ്രദ്ധകൊണ്ടെന്നും ഇത് ഒഴിവാക്കേണ്ടിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.ആർ.സലൂജയുടെ നേതൃത്വത്തിൽ 502 വനിതകളാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പാറശാലയിൽ ചൊവ്വാഴ്ചയാണ് മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചത്.

തിരുവാതിര കളി നടക്കുന്ന സമയത്ത് ഇടുക്കിയിൽ എസ്എഫ്ഐ നേതാവ് ധീരജ് കൊല്ലപ്പെട്ടിരുന്നു. ധീരജിന്റെ വിലാപയാത്രക്കിടെ സിപിഐഎം ഇത്തരമൊരു ആഘോഷ പരിപാടി സംഘടിപ്പിച്ചത് വ്യാപകമായി വിമർശനം ഉയർന്നു. പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കി രം​ഗത്തുവന്നത്. മെ​ഗാതിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടിയേരി വ്യക്തമാക്കി. അതേസമയം പരിപാടിയിൽ പങ്കെടുത്തവർക്കെതിരെ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 550 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്

കേരളത്തിൽ സ്കൂളുകൾ അടയ്ക്കുന്നത് പരി​ഗണനയിലെന്ന് ശിവൻകുട്ടി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിക്കുന്ന സാ​ഹചര്യത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം ഔദ്യോ​ഗിക ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നാളെ ചേരുന്ന കൊവിഡ് അവലോകന യോ​ഗത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിൽ പുനർചിന്തനം വേണമെന്ന് പറഞ്ഞാൽ ഇക്കാര്യം പരി​ഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.

നിലവിൽ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുമ്പോഴും വിദ്യാർത്ഥികളിൽ രോ​ഗവ്യാപനം ഉണ്ടായിട്ടില്ല. എന്നിരുന്നാലും കുട്ടികളുടെ ആരോ​ഗ്യം പ്രധാനപ്പെട്ട കാര്യമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. പരീക്ഷ നടത്തിപ്പും, സ്കൂളുകളുടെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് കൊവിഡ് അവലോകന യോഗം ചേരുന്നത്. തിങ്കളാഴ്ചയാണ് കൊവിഡ് അവലോകന യോഗം അവസാനം ചേർന്നത്. സ്‌കൂളുകൾ അടയ്ക്കുക, വാരാന്ത്യ നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങൾ യോഗത്തിൽ ഉയർന്നെങ്കിലും കടുത്ത നിയന്ത്രണങ്ങൾ തീരുമാനിച്ചിരുന്നില്ല. അതേസമയം സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തിയിരുന്നു.

Next Story