Top

മെഗാ തിരുവാതിര; അതൃപ്തിയറിയിച്ച് സിപിഐഎം സംസ്ഥാന നേതൃത്വം

വിഷയത്തില്‍ വീഴ്ച പറ്റിയെന്ന് സംസ്ഥാന നേതൃത്വത്തോട് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സമ്മതിച്ചുവെന്നാണ് സൂചന.

13 Jan 2022 5:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മെഗാ തിരുവാതിര; അതൃപ്തിയറിയിച്ച്  സിപിഐഎം സംസ്ഥാന നേതൃത്വം
X

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശാലയില്‍ നടന്ന മെഗാ തിരുവാതിരയില്‍ അൃപ്തിയറിയിച്ച് സംസ്ഥാന നേതൃത്വം. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ നടത്തിയ ആഘോഷ പരിപാടി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിഷയത്തില്‍ ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടാനും തീരുമാനമായിട്ടുണ്ട്.

വിഷയത്തില്‍ വീഴ്ച പറ്റിയെന്ന് സംസ്ഥാന നേതൃത്വത്തോട് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സമ്മതിച്ചുവെന്നാണ് സൂചന. തിരുവാതിര അവതരിപ്പിച്ചതില്‍ നേതാക്കള്‍ക്ക് അവമതിപ്പുണ്ടാക്കിയെന്നും. തിരുവാതിര നടത്താനുളള തീരുമാനവുമായി മുന്നോട്ട് പോയതിലും സംസ്ഥാന നേതൃത്വം വിമര്‍ശിച്ചു.

സംഭവത്തിനെതിരെ സിപിഐഎം നേതാക്കളടക്കം രംഗത്തുവന്നിരുന്നു. ധീരജിന്റെ വിലാപയാത്രക്കിടെ സിപിഐഎം ഇത്തരമൊരു ആഘോഷ പരിപാടി സംഘടിപ്പിച്ചത് വ്യാപകമായി വിമര്‍ശനം ഉയര്‍ന്നു. പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടിയേരി വ്യക്തമാക്കി. തിരുവാതിര നടത്തിയത് അശ്രദ്ധകൊണ്ടെന്നും ഇത് ഒഴിവാക്കേണ്ടിയിരുന്നുവെന്നും മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വിആര്‍ സലൂജയുടെ നേതൃത്വത്തില്‍ 502 വനിതകളാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പാറശാലയില്‍ ചൊവ്വാഴ്ചയാണ് മെഗാ തിരുവാതിരകളി സംഘടിപ്പിച്ചത്. അതേസമയം പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 550 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Next Story