കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ സിപിഐഎമ്മിന്റെ മെഗാ തിരുവാതിര; വിവാദം
12 Jan 2022 5:22 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരക്കെതിരെ വിമര്‍ശനങ്ങള്‍. പൊളിറ്റ് ബ്യൂറോ അംഗ എംഎ ബേബിയുടെ സാന്നിധ്യത്തിലാണ് 502 പേര് പങ്കെടുത്ത മെഗാ തിരുവാതിര നടന്നത്. പാറശാലയില്‍ 14 ന് തുടങ്ങുന്ന സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് മെഗാ തിരുവാതിര നടത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷന് പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ചെറുവാരക്കോണം സിഎസ്ഐ സ്കൂള്‍ ഗ്രൗണ്ടിലായിരുന്നു തിരുവാതിര. പരിപാടി കാണാന്‍ വലി തോതില്‍ ജനങ്ങളുമെത്തി.
പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന നിയന്ത്രണം നിലനില്‍ക്കെയാണ് 502 പേര് തിരുവാതിക്കളിയുടെ ഭാഗമായത്. എംഎ ബേബി, സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, സികെ ഹരീന്ദ്രന്‍, എംഎല്‍എ തുടങ്ങിയ നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പരിപാടി. പാര്‍ട്ടി ചരിത്രവും സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളുമായിരുന്നു തിരുവാതിരക്കളിപ്പാട്ടിന്റെ പ്രമേയം. കൊവിഡ് നിയ്ന്തരണങ്ങള് ലംഘിച്ച സിപിഐഎമ്മിനെതിരെ കേസെടുക്കണമെന്ന് ഡോ എസ്എസ് ലാല്‍ അഭിപ്രായപ്പെട്ടു.
ഇന്നലെയാണ് സംസ്ഥാനത്ത് കൊവിഡ്19 കേസുകള്‍ ഗണ്യമായി കൂടുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മുന്നറിയിപ്പ് നല്‍കിയത്. സാഹചര്യം പരിഗണിച്ച് കൃത്യമായ കൊവിഡ്19 പ്രോട്ടോകോള്‍ പാലിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്കി. അനാവശ്യയാത്രകള്‍ ഒഴിവാക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയത് ഉള്‍പ്പെടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വീണാ ജോര്‍ജ്ജ് അറിയിച്ചിരുന്നു.
- TAGS:
- CPIM