Top

എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥികൾ പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടത്തിനൊരുങ്ങുന്നു

സംസ്ഥാനത്തെ 2017 എംബിബിഎസ് ബാച്ചുകാർക്കാണ് അടുത്ത മാസം മാർച്ച് 31 മുതൽ പരീക്ഷകൾ നടത്തുവാൻ ആരോ​ഗ്യ സർവകലാശാല തീരുമാനിച്ചിരിക്കുന്നത്

18 Feb 2022 5:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥികൾ പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടത്തിനൊരുങ്ങുന്നു
X

എം.ബി.ബി.എസ് അവസാന വർഷ വിദ്യാർത്ഥികളുടെ പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർത്ഥികൾ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു. ഒരു വർഷം കൊണ്ട് തീർക്കേണ്ട പഠന സിലബസ് 6 മാസം കൊണ്ട് പൂർത്തിയാക്കി പരീക്ഷ ആരംഭിക്കാൻ ഒരുങ്ങുന്ന സർവ്വകലാശാലയുടെ നടപടിക്കെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്.

സംസ്ഥാനത്തെ 2017 എം.ബി.ബി.എസ് ബാച്ചുകാർക്കാണ് അടുത്ത മാസം മാർച്ച് 31 മുതൽ പരീക്ഷകൾ നടത്തുവാൻ ആരോ​ഗ്യ സർവകലാശാല തീരുമാനിച്ചിരിക്കുന്നത്. സിലബസ് പ്രകാരം ഒരു വർഷം കൊണ്ട് മാത്രം തീർക്കേണ്ട അധ്യയനം ആറ് മാസം കൊണ്ട് തീർത്ത് പരീക്ഷ നടത്തുവാനുളള തീരുമാനം മെഡിക്കൽ വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം തകർക്കുമെന്നും വൈദഗ്ധ്യമില്ലാത്ത പുതുതലമുറ ഡോക്ടർമാർ പുറത്തിറങ്ങുമെന്ന ആശങ്ക വിദ്യാർത്ഥികളും മെഡിക്കൽ കോളേജ് തലവന്മാരും പങ്കുവെച്ചിരുന്നു. കൂടുതൽ ക്ലാസുകൾ അനുവദിക്കുവാൻ പരീക്ഷകൾ നീട്ടിവയ്ക്കണമെന്ന് വിവിധ മെഡിക്കൽ കോളേജ് തലവന്മാർ സർവകലാശാല വൈസ് ചാൻസലർക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. പരീക്ഷ നടത്തുകയല്ലാതെ നിവൃത്തി ഇല്ലെന്ന നിലപാടിലാണ് ആരോഗ്യ സർവകലാശാല ഉറച്ചുനിൽക്കുന്നത്. ആരോ​ഗ്യ സർവകലാശാലയുടെ ഈ നടപടിക്കെതിരെയാണ് വിദ്യാർത്ഥികൾ ഹെെക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

അതേസമയം ക്ലാസുകളുടെ എണ്ണം ചുരുക്കിയിരുന്നെങ്കിലും പാഠഭാ​ഗങ്ങൾ പൂർത്തിയാക്കിയെന്നും, ഇത്തവണ ഡിജിറ്റൽ വാല്യുവേഷനായതിനാൽ പരീക്ഷാഫലം ഉടൻ പ്രഖ്യാപിക്കുമെന്നും സർവ്വകലാശാല നേരത്തെ അറിയിച്ചിരുന്നു.

Story Highlights: medical students demand for postponement of final year exams

Next Story