ഗ്രീഷ്മ കുടിച്ചത് ലെെസോൾ; ആരോഗ്യ നില ഗുരുതരമല്ലെന്ന് ഡോക്ടർ
31 Oct 2022 5:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച പ്രതി ഗ്രീഷ്മയുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന ലൈസോള്‍ കുടിച്ച ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഗ്രീഷ്മയെ മെഡിക്കൽ ഐസിയുവിലേക്ക് മാറ്റി. ലെെസോൾ കുടിച്ചതുമൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് വിദഗ്ദർ പറയുന്നത്. കുടിച്ച ലെെസോളിന്റെ അളവ്, നേർപ്പിച്ചാണോ കുടിച്ചത്, എന്നിവയെ ആശ്രയിച്ചിരിക്കും ആരോഗ്യ നിലയെന്നും വിദഗ്ദർ പറയുന്നു.
ദേഹാസ്വാസ്ഥ്യത്തേത്തുടര്‍ന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഷാരോണ്‍ വധക്കേസില്‍ ഇന്ന് അറസ്റ്റ് ചെയ്യാനിരിക്കെയാണ് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. മൊഴിപ്രകാരം കൂടുതല്‍ തെളിവുകള്‍ വീണ്ടെടുക്കാന്‍ ശ്രമം തുടരുകയാണ് പൊലീസ്. വിഷം നല്കിയ കുപ്പി ഉപേക്ഷിച്ച സ്ഥലത്ത് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ഗ്രീഷ്മയുടെ മാതാപിതാക്കളെയും അമ്മാവനെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
പാറശ്ശാലയിലെ ബി എസ് സി വിദ്യാര്‍ത്ഥി ഷാരോണ്‍ രാജിന്റെ ദുരുഹമരണം കൊലപാതകമാണെന്ന് സുഹൃത്ത് ഗ്രീഷ്മ സമ്മതിച്ചിരുന്നു. കഷായത്തില്‍ കാപ്പിക് എന്ന കീടനാശിനി കലര്‍ത്തിയാണ് ഷാരോണെ കൊന്നതെന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യലില്‍ ഗ്രീഷ്മ പൊലീസിനോട് വെളിപ്പെടുത്തി. ഫോണിലെ ഇന്റര്‍നെറ്റ് സെര്‍ച്ച് ഹിസ്റ്ററിയില്‍ കോപ്പര്‍ സള്‍ഫേറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞത് പൊലീസ് കണ്ടെടുത്തിരുന്നു. ഇത് മുന്‍നിര്‍ത്തിയുള്ള ശാസ്ത്രീയ ചോദ്യംചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. മറ്റൊരാളുമായി ഫെബ്രുവരിയില്‍ വിവാഹം നിശ്ചയിച്ചതിനാല്‍ ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്നാണ് വിവരം. ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജോത്സ്യന് പറഞ്ഞതും ഗ്രീഷ്മ വിശ്വസിച്ചെന്ന് പൊലീസ് പറയുന്നു.
കൊല്ലണമെന്ന ഉദേശത്തോടെയാണ് ഷാരോണ്‍ രാജിനെ പ്രതി ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ പറഞ്ഞു. കഷായത്തില്‍ കീടനാശിനി ചേര്‍ത്താണ് ഷാരോണിനെ ഗ്രീഷ്മ കൊന്നത്. ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്രീഷ്മയെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വീട്ടിലുണ്ടായിരുന്ന കീടനാശിനി കഷായത്തില്‍ ചേര്‍ത്താണ് ഷാരോണിനെ കുടിപ്പിച്ചത്. തുടര്‍ന്ന് വീടിനുള്ളില്‍ വച്ച് ഛര്ദ്ദിച്ചപ്പോള് സുഹൃത്തിനൊപ്പം ഷാരോണ്‍ ഇറങ്ങി പോവുകയായിരുന്നെന്ന് ഗ്രീഷ്മ മൊഴി നല്‍കിയതായി എഡിജിപി വ്യക്തമാക്കിയിരുന്നു.
ഒരു വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നു. ഫെബ്രുവരിയില്‍ ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു. തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു. എന്നാല്‍ ഷാരോണ്‍ നിരന്തരം വിളിച്ച് വീണ്ടും ബന്ധം തുടരണമെന്ന് നിര്‍ബന്ധിച്ചു. ഇതോടെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്ന് എഡിജിപി പറഞ്ഞു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
STORY HIGHLIGHTS: medical college authorities said that Greeshma's health condition is not critical