വൃക്കരോഗിയായ യുവാവിന് ചികിത്സാ സാഹായം; സ്വര്‍ണവള ഊരി നല്കി മന്ത്രി ആര് ബിന്ദു
10 July 2022 9:38 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂര്‍: നിര്‍ധനനായ യുവാവിന്റെ ചികിത്സക്കായ് തന്റെ സ്വര്‍ണവള ഊരി നല്കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. കരുവന്നൂര്‍ മൂര്‍ക്കനാട്ട് വന്നേരിപ്പറമ്പില്‍ വിവേകിന്റെ വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാണ് മന്ത്രി വള നല്‍കിയത്. ധനസമാഹരണത്തിനായി ഗ്രാമീണ വായനശാലയില്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. യുവാവിന്റെ നിര്ധനാവസ്ഥയറിഞ്ഞപ്പോള് മന്ത്രിയുടെ കണ്ണുകള്‍ നിറഞ്ഞു.
വള സഹായ സമിതി അംഗങ്ങളെ ഏല്‍പ്പിച്ചപ്പോള്‍ അപ്രതീക്ഷിത സഹായം എല്ലാവരെയും ഞെട്ടിച്ചു. വിവേകിന്റെ രോഗം ഭേദമാകുമെന്ന് സഹോദരന് വിഷ്ണുവിനെ മന്ത്രി ആശ്വസിപ്പിച്ചു. ശേഷം നന്ദിവാക്കുകള്‍ക്ക് കാത്തു നില്‍ക്കാതെ മന്ത്രി ഔദ്യോഗിക തിരക്കുകളിലേക്ക് മടങ്ങി.
ഇരു വൃക്കകളും തകരാറിലായ വിവേകിന് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ശസ്ത്രക്രിയ അനിവാര്യമാണ്. സഹായ സമിതി ഭാരവാഹികളായ പി കെ മനുമോഹന്‍, നസീമ കുഞ്ഞുമോന്, സജി ഏറാട്ടുപറമ്പില്‍ എന്നിവര്‍ മന്ത്രിയില്‍ നിന്ന് വള ഏറ്റുവാങ്ങി.
STORY HIGHLIGHT: Medical aid for a young man with kidney disease; Minister R. Bindu presented the gold bangle