'ഈ പോരാട്ടം ചെറിയ കളിയാണെന്ന വിചാരമില്ല'; പോരാട്ടം തന്നെ ജേണലിസമെന്ന് പ്രമോദ് രാമന്
ഹെെക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് മീഡിയ വണ്‍
2 March 2022 4:32 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചാനല്‍ വിലക്ക് ശരിവെച്ചുകൊണ്ടുള്ള സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് തള്ളിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് മീഡിയ വണ്‍. ഈ പോരാട്ടം ഒരു ചെറിയ കളിയാണെന്ന വിചാരമില്ലെന്നായിരുന്നു ഇതിനോട് എഡിറ്റര്‍ പ്രമോദ് രാമന്റെ പ്രതികരണം. 'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഭരണകൂടമാണ് മറുവശത്ത്. നീതിയുടെ സൂര്യന് ഉദിക്കാന്‍ വൈകിയേക്കാം. അതുവരെ ഈ ഇരുട്ടിനെ തുരത്താനുള്ള വെളിച്ചമൊക്കെ ഞങ്ങളുടെ ഉള്ളിലുണ്ടെന്നേ. പോരാട്ടം തന്നെ ജേണലിസം. പരമോന്നത കോടതിയില്‍ കാണാം,' അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് തുടരുമെന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് നേരത്തെ പ്രമോദ് രാമന് റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചിരുന്നു. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന കോണ്‍ഫിഡന്‍ഷ്യല്‍ ഫയല്‍ പരിശോധിച്ച ശേഷമാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ് എന്നാണ് വിധിപകര്‍പ്പില്‍ നിന്നും മനസിലാകുന്നത്. എന്നാല്‍ ഇത്തരമൊരു കോണ്‍ഫിഡന്‍ഷ്യല്‍ ഫയലിനെക്കുറിച്ച് വാദം നടന്നപ്പോള്‍ പരാമര്‍ശമുണ്ടായിട്ടില്ല. പിന്നീട് എന്തു സംഭവിച്ചു എന്നറിയില്ലെന്നും പ്രമോദ് രാമന് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിലക്ക് തുടരുമെന്ന് ഉത്തരവിട്ടത്. ജനുവരി 31നാണ് ചാനലിന്റെ സംപ്രേഷണം വിലക്കികൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. ഉത്തരവിനെതിരെ ചാനല്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഈ ഹര്‍ജി തള്ളിയതിനെതിരെ ഡിവിഷന് ബെഞ്ചില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമനും കേരള പത്രപ്രവര്‍ത്തക യൂണിയനുമാണ് അപ്പീല്‍ നല്‍കിയിരുന്നത്.
ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ചാനലിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെയായിരുന്നു ഹാജരായി. ഭരണഘടനാപരമായ പ്രശ്നമാണ് മീഡിയവണ്‍ ഉന്നയിച്ചതെന്ന് ദുഷ്യന്ത് ദവെ വാദിച്ചു. കേന്ദ്ര സര്‍ക്കാറിന് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമാന്‍ ലേഖി ഹാജരായി.
STORY HIGHLIGHTS: MediaOne Approaches Supreme Court over High Court verdict