പരിഗണിക്കുക ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച്; മീഡിയ വണ്‍ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
പതിമൂന്നാമത്തെ ഹര്‍ജിയായാണ് കേസ് പരിഗണിക്കുക
9 March 2022 6:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂഡല്‍ഹി: സംപ്രേഷണ വിലക്കിനെതിരെ മീഡിയ വണ്‍ ചാനലിന്റെ ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരാണ് കേസ് പരിഗണിക്കുന്ന ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. പതിമൂന്നാമത്തെ ഹര്‍ജിയായാണ് കേസ് പരിഗണിക്കുക.
ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിക്ക് പുറമേ ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമനും മറ്റ് മുതിര്‍ന്ന രണ്ട് ജീവനക്കാരും നല്‍കിയ ഹര്‍ജിയും ഇന്ന് തന്നെ പരിഗണിക്കും. എന്നാല്‍, ചാനല്‍ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കില്ല.
ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സില്ലെന്നതിന്റെ പേരിലായിരുന്നു ചാനലിന്റെ സംപ്രേഷണം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ജനുവരി 31ന് വിലക്കിയത്. ഇതിന് എതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. ഇതിനെതിരെയായിരുന്നു മീഡിയ വണ്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ചാനലിന്റെ ആവശ്യം സുപ്രീംകോടതി അനുവദിച്ചിരുന്നു.
STORY HIGHLIGHTS: Media One petitions in Supreme Court today against channel ban
- TAGS:
- MediaOne
- SupremeCourt