Top

'ഗവര്‍ണറുടേത് ജനാധിപത്യ നിഷേധം, മറ്റ് മാധ്യമങ്ങളും പ്രതികരിക്കണമായിരുന്നു'; റിപ്പോര്‍ട്ടര്‍ ടിവിക്ക് നന്ദിയെന്ന് പ്രമോദ് രാമന്‍

ഗവര്‍ണറുടെ സമീപനത്തില്‍ പ്രതിഷേധിച്ച് വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച റിപ്പോര്‍ട്ടര്‍ ടിവിക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു

7 Nov 2022 4:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവര്‍ണറുടേത് ജനാധിപത്യ നിഷേധം, മറ്റ് മാധ്യമങ്ങളും പ്രതികരിക്കണമായിരുന്നു; റിപ്പോര്‍ട്ടര്‍ ടിവിക്ക് നന്ദിയെന്ന് പ്രമോദ് രാമന്‍
X

കൊച്ചി: വാര്‍ത്താസമ്മേളനത്തില്‍ നിന്ന് കൈരളിയേയും മീഡിയ വണ്ണിനേയും വിലക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യ നിഷേധമെന്ന് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍. ഗവര്‍ണറുടെ സമീപനത്തില്‍ പ്രതിഷേധിച്ച് വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച റിപ്പോര്‍ട്ടര്‍ ടിവിക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

'റിപ്പോര്‍ട്ടര്‍ ടിവി സ്വീകരിച്ച നിലപാട് വളരെ പ്രധാനമാണ്. ഒന്നോ രണ്ടോ ചാനലുകളെ തെരഞ്ഞുപിടിച്ച് ഒഴിവാക്കുമ്പോള്‍ അത് ജനാധിപത്യത്തോട് ചെയ്യുന്ന കടുംകൈയ്യാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഗവര്‍ണര്‍ ആവശ്യപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് മീഡിയ വണ്‍ ഉള്‍പ്പടെ വാര്‍ത്താസമ്മേളനത്തിന് എത്തിയത്. ഇതില്‍ നിന്നാണ് രണ്ട് മാധ്യമങ്ങളെ തെരഞ്ഞുപിടിച്ച് ഒഴിവാക്കിയത്. ഇതുണ്ടാക്കുന്ന വലിയ ജനാധിപത്യ നിഷേധമുണ്ട്. ആ നിഷേധത്തോട് പ്രതികരിക്കുക എന്നതാണ് മറ്റ് മാധ്യമങ്ങള്‍ ഏറ്റവും ആദ്യം ചെയ്യേണ്ടിയിരുന്നത്', പ്രമോദ് രാമന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

മുന്‍കാല ഗവര്‍ണര്‍മാരൊക്കെ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വ്യക്തമായ വാര്‍ത്താക്കുറിപ്പുകള്‍ പുറത്തിറക്കും അല്ലെങ്കില്‍ മാധ്യമങ്ങളോട് സംസാരിക്കും. ഈ നിലയില്‍ നിന്ന് മാറി പ്രതികരണം നടത്തുന്ന രീതിയിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാറിയതോടെയാണ് ഈ സംഭവങ്ങളൊക്കെ ഉണ്ടാകുന്നത്. എല്ലാ വാര്‍ത്തകള്‍ക്കും രാജ്ഭവന്റെ നിലപാട് കൂടി വേണം എന്ന നിലപാടുള്ളത് കൊണ്ടാണ് എന്തെങ്കിലും നിബന്ധനകളുണ്ടെങ്കില്‍ അതും പാലിക്കാന്‍ തയ്യാറായി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ തയ്യാറാകുന്നത്. അപ്പോഴാണ് ഇത്തരത്തിലുള്ള ദുരാരോപണങ്ങള്‍ ഉയര്‍ത്തി ഗവര്‍ണര്‍ ഈ നിലപാട് കൈക്കൊണ്ടിരിക്കുന്നത്. വളരെ ഖേദകരവും പ്രതിഷേധാര്‍ഹവുമാണ് ഇതെന്ന് പറയേണ്ടി വരും. മറ്റ് മാധ്യമ മേധാവികളുമായി ആലോചിച്ച് എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കുമെന്നും പ്രമോദ് രാമന്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: Media One Editor Pramod Raman's Reaction On Governors Action Against Media

Next Story