'ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നയാളാണ് മുഖ്യമന്ത്രി'; സില്‍വര്‍ ലൈനിനെ വിമര്‍ശിക്കാന്‍ പിണറായിക്കെതിരെ മേധാ പട്കര്‍
9 Jan 2022 7:15 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേരള സര്‍ക്കാറിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കാന്‍ മുഖ്യമന്തിയുടെ അസുഖം ഓര്‍മ്മിപ്പിച്ച് പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍. ഓരോ വികസന പദ്ധതി നടപ്പാക്കുമ്പോഴും കേരളം നല്ല രീതിയില്‍ ആലോചിക്കേണ്ടതുണ്ടന്ന് വ്യക്തമാക്കിയായിരുന്നു മേധ പട്കറിന്റെ പ്രതികരണം. മുഖ്യമന്ത്രി ഗുരുതര അസുഖം ബാധിച്ച ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന വ്യക്തിയാണ്. അദ്ദേഹം ചികില്‍സയിലാണ്, അദ്ദേഹത്തിന്റെ ജീവന് സംരക്ഷിക്കണം. മറ്റുള്ളവരുടെയും. മുഖ്യമന്ത്രിയോട് കൈകൂപ്പി അപേക്ഷിക്കുകയാണ് എന്നും മേധ പട്കര്‍ പറയുന്നു. ഇടത് സര്‍ക്കാരിനെ വിമര്‍ശിക്കേണ്ടിവരുന്നത് ഖേദകരമാണെന്നും മേധ പട്കര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നെങ്കില്‍ ചര്‍ച്ച സാധ്യമായിരുന്നു എന്നും മേധ പട്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഓരോ വികസന പദ്ധതി നടപ്പാക്കുമ്പോഴും കേരളം നല്ല രീതിയില്‍ ആലോചിക്കേണ്ടതുണ്ട്. പരിസ്ഥിതി അത്രയ്ക്ക് പ്രധാനപ്പെട്ടതാണ്. കെ റെയില്‍ പദ്ധതി സംബന്ധിച്ച് പുനരാലോചന വേണമെന്നും പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ആവശ്യപ്പെട്ടു . ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് കൈ കൂപ്പി അഭ്യര്‍ഥിക്കുകയാണെന്നും മേധാ പട്കര്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതി പശ്ചിമ ഘട്ടത്തെ അപകടത്തില്‍ ആക്കും. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികള്‍ മനസിലാക്കുന്നില്ല.ജലം ഒഴുക്ക് തടസപ്പെടും. ഇതിന്റെ ഭവിഷ്യത്ത് കേരളം ഇപ്പൊ തന്നെ അനുഭവിച്ചു കഴിഞ്ഞു. പദ്ധതി എങ്ങനെ പ്രകൃതിയെ ബാധിക്കും എന്നു പഠനം പോലും നടന്നിട്ടില്ല എന്നും മേധാ പട്കര്‍ അഭിപ്രായപ്പെട്ടു. മേധാ പട്കര്‍ നാളെ കോഴിക്കോട് ജില്ലയിലെ കെ റെയില്‍ സര്‍വേ നടക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.