തിരുവനന്തപുരം നഗരസഭയിൽ ഡി ആർ അനിലിന് പകരം മേടയിൽ വിക്രമൻ; യുഡിഎഫ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു
സിപിഐഎമ്മിന് 12 അംഗങ്ങളും ബിജെപിക്ക് ഏഴ് അംഗങ്ങളുമാണ് കമ്മിറ്റിയിലുളളത്
10 Jan 2023 7:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് ഡി ആർ അനിലിന് പകരം മേടയിൽ വിക്രമനെ തെരഞ്ഞെടുത്തു. സിപിഐഎം പളളിത്തുറ കൗൺസിലറാണ് മേടയിൽ വിക്രമൻ. ഭരണസമിതിയിലെ മുതിർന്ന നേതാക്കളിൽ ഒരാളുകൂടിയാണ് മേടയിൽ വിക്രമൻ.
നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയിലെ യുഡിഎഫിന്റെ ഏക അംഗമായ പി പദ്മകുമാർ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. സിപിഐഎമ്മിന് 12 അംഗങ്ങളും ബിജെപിക്ക് ഏഴ് അംഗങ്ങളുമാണ് കമ്മിറ്റിയിലുളളത്. കോർപറേഷനിലെ കത്ത് വിവാദത്തെ തുടർന്ന് ഡി ആർ അനിൽ രാജിവെച്ചൊഴിഞ്ഞതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്.
എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിനു സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തെഴുതിയതിനെ തുടർന്നാണ് അനിൽ രാജിവച്ചത്. ഡി ആർ അനിൽ രാജിവെച്ചൊഴിഞ്ഞതോടെ പ്രതിപക്ഷം സമരം അവസാനിപ്പിച്ചിരുന്നു. കത്ത് വിവാദത്തിൽ മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിലുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുടെ ചർച്ചയിലാണ് ഡി ആർ അനിലിനെ നീക്കാൻ തീരുമാനമെടുത്തത്.
STORY HIGHLIGHTS: Medayil Vikraman replaces DR Anil in the Thiruvananthapuram corporation