Top

ജോസഫൈന്റെ ഭൗതിക ശരീരം പഠനാവശ്യത്തിനായി കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറും

എകെജി ആശുപത്രിയിലെത്തി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും അന്തിമോപചാരം അര്‍പ്പിക്കും

10 April 2022 9:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജോസഫൈന്റെ ഭൗതിക ശരീരം പഠനാവശ്യത്തിനായി കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറും
X

അന്തരിച്ച സിപിഐഎം നേതാവ് എംസി ജോസഫൈന്റെ ഭൗതിക ശരീരം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറും. പഠനാവശ്യത്തിനായാണ് മൃതദേഹം വിട്ടുനല്‍കുന്നത്. ജോസഫൈന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കുന്നത്. തിങ്കളാഴ്ച്ച ഉച്ചക്ക് 2 ന് മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിക്കും.

ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ എകെജി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് എംജി ജോസഫൈന്‍ വിടപറഞ്ഞത്. ഇന്നലെ കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ചാണ് ജോസഫൈന് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

എകെജി ആശുപത്രിയിലെത്തി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും അന്തിമോപചാരം അര്‍പ്പിക്കും. നേതാക്കള്‍ ചേര്‍ന്ന് ചെങ്കൊടി പുതപ്പിക്കും. തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം കൊച്ചിയിലെത്തിക്കും. രാത്രിയോടെയാകും വിലാപയാത്ര അങ്കമാലിയിലെ ജോസഫൈന്റെ വീട്ടിലെത്തുക. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം രാവിലെ 8 മണിയോടെ അങ്കമാലി സിഎസ്ഐ ഓഡിറ്റോറിയത്തിലേക്ക് മാറ്റും. അവിടെ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാം.

വിദ്യാര്‍ഥി യുവജന മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് എംസി ജോസഫൈന്‍ പൊതുരംഗത്തെത്തിയത്. 1978ല്‍ സിപിഐഎം അംഗത്വം നേടി. 1984ല്‍ സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെത്തി. 2002 മുതല്‍ കേന്ദ്ര കമ്മിറ്റി അംഗമാണ്. 1996ല്‍ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ല്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു. 13 വര്‍ഷം അങ്കമാലി നഗരസഭാ കൗണ്‍സിലറായും സേവനം അനുഷ്ടിച്ചു.

വൈപ്പിന്‍ സ്വദേശിനിയാണ് എംസി ജോസഫൈന്‍. വൈപ്പിന്‍ മുരിക്കുംപാടം സെന്റ് മേരീസ് സ്‌കൂള്‍, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്‌കൂള്‍, ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. 1948 ആഗസ്റ്റ് മൂന്നിന് മുരിക്കുംപാടം മാപ്പിളശേരി ചവര-മഗ്ദലേന ദമ്പതികളുടെ മകളായി ജനനം. സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പി എ മത്തായിയാണ് ഭര്‍ത്താവ്. മകന്‍: മനു പി മത്തായി. മരുമകള്‍: ജ്യോത്സന. പേരക്കുട്ടികള്‍: മാനവ് വ്യാസ്, കണ്ണകി വ്യാസ്.

Next Story