Top

'മാലിന്യ പ്ലാൻ്റുകൾക്കെതിരെയുളള എതിർപ്പുകളെ നേരിടേണ്ട രീതിയിൽ നേരിടും'; മുന്നറിയിപ്പുമായി എം ബി രാജേഷ്

'നല്ല രീതിയിൽ പ്രവർത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ഇകഴ്ത്തി കാണിക്കാനുളള ശ്രമമാണ് നടക്കുന്നത്'

19 March 2023 11:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാലിന്യ പ്ലാൻ്റുകൾക്കെതിരെയുളള എതിർപ്പുകളെ നേരിടേണ്ട രീതിയിൽ നേരിടും; മുന്നറിയിപ്പുമായി എം ബി രാജേഷ്
X

തിരുവനന്തപുരം: മാലിന്യ പ്ലാൻ്റുകൾക്കെതിരെയുളള എതിർപ്പുകളെ നേരിടേണ്ട രീതിയിൽ തന്നെ നേരിടുമെന്ന മുന്നറിയിപ്പുമായി തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. എതിർപ്പുകളിൽ ഇതുവരെയുളള സമീപനമല്ല ഇനി സർക്കാർ സ്വീകരിക്കുക. മാലിന്യപ്ലാന്റ് നിർമ്മാണത്തിന് ജനങ്ങളുടെ പിന്തുണയുണ്ടാകണം. പ്ലാന്റ് നടപ്പിലാക്കാൻ തീരുമാനിച്ചാൽ അത് എങ്ങനെ നടപ്പാക്കാമെന്ന് അറിയാമെന്നും എം ബി രാജേഷ് വ്യക്തമാക്കി.

ബ്രഹ്മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കൊച്ചി കോർപ്പറേഷന് 100 കോടി പിഴയിട്ട ദേശീയ ഹരിത ട്രിബ്യൂണലിന്റെ നടപടിയേയും മന്ത്രി വിമർശിച്ചു. ഇതേ ഹരിത ട്രൈബ്യൂണൽ തന്നെ മാലിന്യ നിർമ്മാർജ്ജനത്തിന് കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് അഭിനന്ദിച്ചിരുന്നു. ഇതൊന്നും വാർത്തയായിരുന്നില്ല. നല്ല രീതിയിൽ പ്രവർത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ഇകഴ്ത്തി കാണിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും എംബി രാജേഷ് വിമർശിച്ചു.

നേരത്തെ കോതിയിലും ആവിക്കലിലുമടക്കം മാലിന്യ പ്ലാന്റുകൾക്കെതിരെയുളള സമരത്തിനെതിരെ സർ‌ക്കാർ കടുത്ത എതിർപ്പ് അറിയിച്ചിരുന്നു. സംസ്ഥാന സർക്കാർ മോശം ഭരണമാണ് കാഴ്ചവെക്കുന്നതെന്നും ബ്രഹ്മപുരത്തുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടിയിരുന്നു. വീഴ്ച ആവർത്തിച്ചാൽ 500 കോടി പിഴ ഈടാക്കുമെന്നും സർക്കാറിന് ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകി.

കൊച്ചിയിലെ മാലിന്യവുമായും ബ്രഹ്‌മപുരം പ്ലാന്റുമായും ബന്ധപ്പെട്ട് നേരത്തെ ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ​ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവില്‍ പറഞ്ഞിരുന്നു. മാരകമായ അളവില്‍ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയെന്ന് പറഞ്ഞ ട്രൈബ്യൂണല്‍ ഭാവിയില്‍ സുഖമമായി പ്രവര്‍ത്തിക്കുന്ന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

STORY HIGHLIGHTS: MB Rajesh with a warning on waste plant construction

Next Story