Top

'ലഹരി ഉപയോഗിക്കുന്നവര്‍ രാഷ്ട്രീയ മേല്‍വിലാസം ദുരുപയോഗപ്പെടുത്തുന്നു'; ഒറ്റക്കെട്ടായി നേരിടണമെന്ന് എംബി രാജേഷ്

'ലഹരി വില്‍പനക്കാരുടെ സാന്നിധ്യമുളള 263 സ്‌കൂളുകള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്'

9 Dec 2022 2:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഹരി ഉപയോഗിക്കുന്നവര്‍ രാഷ്ട്രീയ മേല്‍വിലാസം ദുരുപയോഗപ്പെടുത്തുന്നു; ഒറ്റക്കെട്ടായി നേരിടണമെന്ന് എംബി രാജേഷ്
X

കൊച്ചി: പല രാഷ്ട്രീയ പാര്‍ട്ടികളുടേയും മേല്‍വിലാസം ദുരുപയോഗപ്പെടുത്താന്‍ ലഹരി ഉപയോ​ഗിക്കുന്നവർ ശ്രമിക്കുന്നുണ്ടെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ബോധപൂര്‍വ്വം ഇതിന് കൂട്ടു നില്‍ക്കുമെന്ന് തോന്നുന്നില്ല. ഇങ്ങനെ ദുരുപയോ​ഗപ്പെടുത്താൻ അവസരമുണ്ടാക്കി കൊടുക്കരുത്. മേപ്പാടിയിലെ സംഭവത്തിലുള്‍പ്പെട്ടവര്‍ പ്രത്യേക സംഘടനയില്‍പെട്ടവരാണ്. വേറൊരിടത്ത് മറ്റൊരു സംഘടനയിലുള്‍പ്പെട്ടവരുണ്ടാകാം. രാഷ്ട്രീയ മേല്‍വിലാസം ദുരുപയോഗപ്പെടുത്തുകയാണ്. അതിനെ ഒറ്റക്കെട്ടായി നേരിടുകയാണ് വേണ്ടതെന്നും മന്ത്രി റിപ്പോർട്ടർ ടിവി ബി​ഗ്സ്റ്റോറിയിൽ പറഞ്ഞു.

ലഹരിവിരുദ്ധ ക്യംപെയ്നുമായി സര്‍ക്കാര്‍ മുന്നോട്ടു വന്ന സമയത്ത് അത് നമ്മുടെ ലഹരി വിരുദ്ധ എൻഫോഴ്സ്മെന്റിനെ ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്ന് മന്ത്രി വിശദീകരിച്ചു. ഇന്ന് ലഹരിക്കടത്തുമായും ഉപയോ​ഗവുമായും ബന്ധപ്പെട്ട ധാരാളം വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നുണ്ട്. കേരളത്തില്‍ ലഹരി വില്‍പനക്കാരുടെ സാന്നിധ്യമുളള 263 സ്‌കൂളുകള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. അവിടെ ലഹരി വില്‍ക്കുന്നവരുടെ പട്ടികയും തയ്യാറാക്കി, അവര്‍ നിരീക്ഷണത്തിലാണ്. ഓരോ വിദ്യാലയത്തിലും ശക്തമായ മോണിറ്ററിങ് സമിതികള്‍ വന്നപ്പോള്‍ കൂടുതതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇത് സർക്കാരിന്റെ ക്യംപെയ്നിന്റെ വിജയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എംബി രാജേഷിന്റെ വാക്കുകൾ,

കേരളത്തില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ട്, അതിനെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടു കൂടിയാണ് കാണുന്നത് എന്നാണ് ഞാൻ നിയമസഭയിൽ പറഞ്ഞത്. എന്നാല്‍ കേരളം വളരെ ഗുരുതരമായ സ്ഥിതിയിലെത്തി എന്ന് പറയുന്നത് വസ്തുതയ്ക്ക് നിരക്കാത്ത കാര്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്റ്ററി ഓഫ് സോഷ്യല്‍ ജസ്റ്റിസിന്റെ പഠന റിപ്പോര്‍ട്ട് ആണ് സഭയിൽ പറഞ്ഞത്. അതില്‍ മൂന്ന് കാറ്റഗറികളിലായി ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുടെ പേരുണ്ട്. അതിലൊന്നും കേരളമില്ല. നിസാരവത്കരിക്കാനല്ല ഇത് പറഞ്ഞത്. കേരളത്തിലെ സ്ഥിതിഗതികളെ മറ്റൊരു രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത് ശരിയല്ലെന്ന് പറയാന്‍ വേണ്ടിയാണ്.

കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമായി എന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. എന്നാല്‍ ലഹരി ഉപയോ​ഗത്തെ ഗൗരവത്തോടുകൂടി കാണണം. ഇവിടെ ലഹരിയുടെ ഉപയോഗം വര്‍ദ്ധിക്കുന്നുണ്ട്. സത്യസന്ധതയോടു കൂടിയും യാഥാര്‍ത്ഥ്യ ബോധത്തോടുകൂടിയുമാണ് ഞാനിത് പറയുന്നത്.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ബോധപൂര്‍വ്വം ഇതിന് കൂട്ടു നില്‍ക്കുമെന്ന് തോന്നുന്നില്ല. പല രാഷ്ട്രീയ പാര്‍ട്ടികളുടേയും മേല്‍വിലാസം ദുരുപയോഗപ്പെടുത്താന്‍ ഇത്തരം ശക്തികള്‍ ശ്രമിക്കുന്നുണ്ടാകും. ആര്‍ക്കും അങ്ങനെ ദുരുപയോഗിക്കാന്‍ അവസരമുണ്ടാക്കി കൊടുക്കരുത്. മേപ്പാടിയിലെ സംഭവത്തിലുള്‍പ്പെട്ടവര്‍ പ്രത്യേക സംഘടനയില്‍പെട്ടവരാണ്. വേറൊരിടത്ത് മറ്റൊരു സംഘടനയിലുള്‍പ്പെട്ടവരുണ്ടാകാം. രാഷ്ട്രീയ മേല്‍വിലാസം ദുരുപയോഗപ്പെടുത്തുകയാണ്. അതിനെ ഒറ്റക്കെട്ടായി നേരിടുകയാണ് വേണ്ടത്.

ലഹരിവിരുദ്ധ ക്യാംപെയിനുമായി സര്‍ക്കാര്‍ മുന്നോട്ടു വന്ന സമയത്ത് അത് നമ്മുടെ ലഹരി വിരുദ്ധ എൻഫോഴ്സ്മെന്റിനെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ധാരാളം വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നുണ്ട്. കേരളത്തില്‍ ലഹരി വില്‍പനക്കാരുടെ സാന്നിധ്യമുളള 263 സ്‌കൂളുകള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. അവിടെ ലഹരി വില്‍ക്കുന്നവരുടെ പട്ടികയും തയ്യാറാക്കി, അവര്‍ നിരീക്ഷണത്തിലാണ്. ഓരോ വിദ്യാലയത്തിലും ശക്തമായ മോണിറ്ററിങ് സമിതികള്‍ വന്നപ്പോള്‍ കൂടുതതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇത് ക്യാംപെയിനിന്റെ വിജയമാണ്.

STORY HIGHLIGHTS: MB Rajesh says Drug users are abusing Political Identity

Next Story

Popular Stories