ലാറ്റിനമേരിക്കയിലെ മാറ്റം നിര്‍ണായകം; 'ഇന്ത്യക്ക് വിലപ്പെട്ട പാഠങ്ങളുണ്ട്'
''ആ രക്തത്തില്‍ നിന്ന് പുതിയൊരു ഇടതുപക്ഷം ഇന്ന് ചിലിയില്‍ ഉയര്‍ന്നിരിക്കുന്നു.''
21 Dec 2021 9:31 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നവ ഉദാര മുതലാളിത്തത്തിന് ഇനി ഭാവിയില്ലെന്നും അതിന്റെ അന്ത്യം അടുത്തുകഴിഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റമെന്ന് സ്പീക്കര്‍ എംബി രാജേഷ്. അമേരിക്കയിലും യൂറോപ്പിലും ഉള്‍പ്പെടെ ലോക മുതലാളിത്തത്തിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കഴിയാത്ത അവസ്ഥ തുടരുകയാണ്. ലാറ്റിനമേരിക്കന്‍ അനുഭവത്തില്‍ നിന്ന് ഇന്ത്യക്ക് വിലപ്പെട്ട പാഠങ്ങളുണ്ട്. പ്രത്യേകിച്ച് കാര്‍ഷിക മേഖലയില്‍ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങള്‍ക്കെതിരായ കര്‍ഷകസമരത്തിന്റെ ഉജ്ജ്വല വിജയത്തിന്റെ പശ്ചാത്തലത്തില്‍. ഇന്ത്യയിലും ഒരു പതിറ്റാണ്ടിലേറെയായി ഈ നയങ്ങള്‍ക്കെതിരായ പോരാട്ടം വളര്‍ന്നുവരികയാണെന്നും പോരാട്ടങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തി പൊരുതുന്ന ജനവിഭാഗങ്ങളുടെ ഐക്യത്തിന്റെ കണ്ണികള്‍ മുറുക്കുകയും ചെയ്തുകൊണ്ട് മുന്നോട്ടുപോകാന്‍ ചിലിയും ലാറ്റിനമേരിക്കയും നമുക്ക് പ്രചോദനമാകണമെന്നും എംബി രാജേഷ് പറഞ്ഞു.
എംബി രാജേഷ് പറഞ്ഞത്: ചിലി ചുവക്കുകയാണ്; ഏതാണ്ട് അഞ്ചു പതിറ്റാണ്ട് പിന്നിടുമ്പോള്‍ വീണ്ടും. ഗബ്രിയേല്‍ ബൊറിക്ക് എന്ന 35 വയസുള്ള താടിക്കാരന് പോള്‍ ചെയ്ത വോട്ടിന്റെ 56 ശതമാനവും നേടി അധികാരത്തിലെത്തുമ്പോള്‍ ചരിത്രം അവസാനിച്ചുവെന്ന് അര്മാദിച്ചവര്ക്കുള്ള മറുപടി കൂടിയാണ്. 1973 സെപ്തംബര്‍ 11 നാണ് ചിലിയിലെ ഇടതുപക്ഷ പ്രസിഡന്റായിരുന്ന സാല്‍വദോര്‍ അലന്‍ഡെയെ സി ഐ എ പിന്തുണയോടെ വധിച്ചത്. ആ രക്തസാക്ഷിത്വം വൃഥാവിലായില്ലെന്ന് 48 വര്‍ഷത്തിന് ശേഷം ചിലി വീണ്ടും തെളിയിച്ചിരിക്കയാണ്. (ഇടക്ക് ഒരല്പ കാലത്തേക്ക് ഒരിടതുപക്ഷ സ്വഭാവം പ്രകടിപ്പിക്കുകയും പക്ഷെ ഈ നയങ്ങളെ ഫലപ്രദമായി തിരുത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്ത മിഷേല്‍ ബാഷ്ലെറ്റ് ഗവണ്മെന്റ് അധികാരത്തിലെത്തിയിരുന്നു )അന്നത്തെ ചിലിയെ കുറിച്ചാണ് വിശ്വമഹാകവി നെരൂദ എഴുതിയത്, 'വരൂ, ഈ തെരുവുകളിലെ രക്തം കാണൂ' എന്ന്. ആ രക്തത്തില്‍ നിന്ന് പുതിയൊരു ഇടതുപക്ഷം ഇന്ന് ചിലിയില്‍ ഉയര്‍ന്നിരിക്കുന്നു.
ബൊറിക് ഒരു പതിറ്റാണ്ടു മുമ്പ് ചിലിയെ പിടിച്ചു കുലുക്കിയ വിദ്യാര്‍ഥിപ്രക്ഷോഭത്തിന്റെ നായകനാണ്. നവ ഉദാരവല്കരണ നയങ്ങള്‍ സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം അപ്രാപ്യമാക്കിയതിനെതിരായി ഉയര്‍ന്നതായിരുന്നു ആ പോരാട്ടം. നവ ഉദാരവല്‍ക്കരണത്തിനെതിരെ കാമ്പസുകളില്‍ നിന്നുയര്‍ന്ന സമരത്തിന്റെ തീ,ഖനികളിലേക്കും പണിശാലകളിലേക്കും വയലേലകളിലേക്കും പടര്‍ന്നു. അത് നവ ഉദാര മുതലാളിത്തത്തിനെതിരായ ഒരുജ്ജ്വല സമര പ്രസ്ഥാനമായി മാറി. ഈ വിജയത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം വളരെ ശ്രദ്ധേയമാണ്. അധികാരത്തിലെത്തിയാല്‍ നവ ഉദാരവല്കരണ നയങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞ് ഒരു പുതിയ സാമ്പത്തിക മാതൃക ചിലിയില്‍ സൃഷ്ടിക്കുമെന്ന് അസന്ദിഗ്ധമായി പറഞ്ഞാണ് ബൊറിക് വോട്ട് ചോദിച്ചത്. അതായത് നവ ഉദാര നയങ്ങള്‍ക്കെതിരായ വ്യക്തവും ദൃഢവുമായ ജനവിധിയാണ് ചിലിയിലേത് എന്നര്‍ത്ഥം. തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബൊറിക്കിന്റെ പ്രഖ്യാപനം ശ്രദ്ധേയമായിരുന്നു, 'നവ ഉദാരവത്കരണ നയങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നു ചിലി. ആ ചിലി തന്നെ അവയുടെ ശവപ്പറമ്പായി മാറും'.
1973 ല്‍ അലന്‍ഡെയെ വധിച്ച് അധികാരത്തിലെത്തിയ പട്ടാള മേധാവി അഗസ്റ്റോ പിനോഷെയുടെ നേതൃത്വത്തില്‍ ലാറ്റിനമേരിക്കയില്‍ ആദ്യമായി നവ ഉദാര നയങ്ങള്‍ ഉരുക്കുമുഷ്ടിയോടെ അടിച്ചേല്‍പ്പിച്ച സ്ഥലമാണ് ചിലി. നീണ്ട 17 വര്‍ഷം ഏകാധിപതിയായ പിനോഷെ കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ കണ്ണില്‍ ചോരയില്ലാതെ നടപ്പാക്കി. പിനോഷെക്കു ശേഷവും തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തില്‍ വന്ന വലതുപക്ഷ ഗവണ്മെന്റുകള് ഇതേ നയങ്ങള്‍ തുടര്‍ന്നുവന്നു. അതിനെതിരായ ദീര്‍ഘമായ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ സംശയാതീതമായ വിജയം ഇടതുപക്ഷം കൈവരിച്ചിരിക്കുന്നത്.
ചിലിയിലേത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. 90 കളില്‍ ലാറ്റിനമേരിക്കയിലാകെ ഉയര്‍ന്നുവന്ന 'പിങ്ക് ടൈഡ് 'എന്ന് വിശേഷിപ്പിക്കപ്പെട്ട ഇടതു മുന്നേറ്റത്തിന്റെ കൂടുതല്‍ ഉജ്ജ്വലമായ രണ്ടാം വരവാണിത്. ആ ഗവണ്മെന്റുകളില് പലതിനെയും അമേരിക്ക സാമ്രാജ്യത്വ ഗൂഢാലോചനകളിലൂടെ അട്ടിമറിച്ചിരുന്നു. അവിടങ്ങളിലെല്ലാം ഇപ്പോള്‍ ഇടതുപക്ഷം തിരിച്ചുവരികയാണ്. ബൊറിക്കിന് കൂട്ടായി നിക്കരാഗ്വയില്‍ കരുത്തനായ ഇടതുപക്ഷ നേതാവ് ഡാനിയല്‍ ഒര്ട്ടേഗയുണ്ട്. വെനിസ്വേലയില്‍ ഷാവേസിന്റെ പിന്‍ഗാമി മഡൂറോയുടെ ഇടതുപക്ഷ സര്‍ക്കാരുണ്ട്. മെക്സിക്കോയില്‍ ആന്‍ഡ്രീ മാനുവല്‍ ലോപസ് ഒബ്രഡോറുടെ ഗംഭീര വിജയമുണ്ടായത് അടുത്ത കാലത്താണ്. ബൊളീവിയ, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലും ഇടതുപക്ഷം അഭിമാനകരമായ വിജയം നേടി. ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബ്രസീലില്‍ ഇന്ത്യയിലെ തീവ്ര വലതുപക്ഷത്തിന്റെ ഉറ്റ തോഴന് കൂടിയായ ഫാസിസ്റ്റ് പ്രസിഡണ്ട് ബൊള്‍സനാരോയുടെ പരാജയം സുനിശ്ചിതമായിരിക്കയാണ്. അവിടെ ബൊള്‍സനാരോ ജയിലിലടച്ച ഇടതുപക്ഷ നേതാവ് ലുല ഡ സില്‍വ അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കൊളംബിയയിലും ഇടതുപക്ഷത്തിന്റെ വിജയമാണ് പ്രവചിക്കപ്പെടുന്നത്.
ലാറ്റിനമേരിക്കയിലെ ഈ മാറ്റം വളരെ നിര്‍ണായകമാണ്. കാരണം നവ ഉദാര മുതലാളിത്ത നയങ്ങളുടെ ലോകത്തിലെ ഏറ്റവും ക്രൂരമായ പരീക്ഷണശാലയായിരുന്നു ലാറ്റിനമേരിക്ക. നവ ഉദാര മുതലാളിത്തത്തിന് ഇനി ഭാവിയില്ല, അതിന്റെ അന്ത്യം അടുത്തുകഴിഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ലാറ്റിനമേരിക്കയിലെ ഈ ഇടതുപക്ഷ മുന്നേറ്റം. അവയെല്ലാം കേവലം തെരഞ്ഞെടുപ്പ് വിജയങ്ങള്‍ മാത്രമല്ല, നീണ്ടുനിന്ന പോരാട്ടങ്ങളിലൂടെ ഉയര്‍ന്നുവന്നതാണെന്ന പ്രത്യേകതയുമുണ്ട്. അമേരിക്കയിലും യൂറോപ്പിലും ഉള്‍പ്പെടെ ലോക മുതലാളിത്തത്തിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കഴിയാത്ത അവസ്ഥ തുടരുകയാണ്. ഇത് നവ ഉദാരവാദത്തിന്റെ അന്ത്യത്തെ കുറിച്ചുള്ള സൂചനകളാണ് നല്‍കുന്നത്.
ഈ ലാറ്റിനമേരിക്കന്‍ അനുഭവത്തില്‍ നിന്ന് ഇന്ത്യക്ക് വിലപ്പെട്ട പാഠങ്ങളുണ്ട്. പ്രത്യേകിച്ച് കാര്‍ഷിക മേഖലയില്‍ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങള്‍ക്കെതിരായ കര്‍ഷകസമരത്തിന്റെ ഉജ്ജ്വല വിജയത്തിന്റെ പശ്ചാത്തലത്തില്‍. ഇന്ത്യയിലും ഒരു പതിറ്റാണ്ടിലേറെയായി ഈ നയങ്ങള്‍ക്കെതിരായ പോരാട്ടം വളര്‍ന്നുവരികയാണ്. സര്‍വകലാശാല വിദ്യാര്‍ത്ഥികളും കര്‍ഷകരും തൊഴിലാളികളുമെല്ലാം ഒറ്റക്കെട്ടായി നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും പൊരുതുന്ന ഈ ജനവിഭാഗങ്ങളുടെ ഐക്യത്തിന്റെ കണ്ണികള്‍ മുറുക്കുകയും ചെയ്തുകൊണ്ട് മുന്നോട്ടുപോകാന്‍ ചിലിയും ലാറ്റിനമേരിക്കയും നമുക്ക് പ്രചോദനമാകണം. ഈ നയങ്ങള്‍ ഇന്ത്യയിലും ബഹുഭൂരിപക്ഷത്തിന്റെ ജീവിതത്തെ പാപ്പരീകരിക്കുകയും വിരലിലെണ്ണാവുന്ന കോര്‍പ്പറേറ്റുകള്‍ ആസ്തികള്‍ കുന്നുകൂട്ടുകയും അസമത്വം ഭയാനകമായി പെരുകുകയും ചെയ്യുമ്പോള്‍ അവക്കെതിരായ ചൂഷിതജനതയുടെ യോജിച്ച പോരാട്ടം മാത്രമാണ് പോംവഴി. ആ പോരാട്ടമാണ് ചരിത്രത്തിന്റെ ഗതിയെ മുന്നോട്ടുനയിക്കുന്നത് എന്ന പാഠം ചിലി ഒരിക്കല്‍ കൂടി നമ്മെ ഓര്‍മിപ്പിക്കുന്നു.
ലാല്‍സലാം ബൊറിക്...വിവാ ചിലി...