Top

'പുതിയ ചുമതലയും കഴിവിന്റെ പരമാവധി നിറവേറ്റാൻ ശ്രമിക്കും'; അറിഞ്ഞത് വാർത്താക്കുറിപ്പിലൂടെയെന്ന് എം ബി രാജേഷ്

2 Sep 2022 12:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുതിയ ചുമതലയും കഴിവിന്റെ പരമാവധി നിറവേറ്റാൻ ശ്രമിക്കും; അറിഞ്ഞത് വാർത്താക്കുറിപ്പിലൂടെയെന്ന് എം ബി രാജേഷ്
X

പാലക്കാട്: സിപിഐഎം പാർട്ടി സെക്രട്ടറിയേറ്റ് തീരുമാനിച്ച പുതിയ ചുമതലയും കഴിവിന്റെ പരമാവധി നിറവേറ്റാൻ ശ്രമിക്കുമെന്ന് നിയുക്ത മന്ത്രി എം ബി രാജേഷ്. പാർട്ടി സെക്രട്ടറിയേറ്റ് എടുത്തിട്ടുളള തീരുമാനം അറിഞ്ഞിരുന്നില്ല. വാർത്താക്കുറിപ്പ് കാണുമ്പോഴാണ് അറിയുന്നത്. ഇതുവരെ പാർട്ടി ഏൽപ്പിച്ച എല്ലാ ചുമതലകളും കഴിവിന്റെ പരമാവധി നിറവേറ്റാൻ ശ്രമിച്ചു. അതു പോലെ ഈ ചുമതലയും നിർവ്വഹിക്കുമെന്നും നിയുക്ത മന്ത്രി എം ബി രാജേഷ് പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.

'സ്പീക്കർ എന്ന നിലയിലെ അനുഭവം വളരെ വിലപ്പെട്ടതായി കണക്കാക്കുന്നു. വലിയ പാരമ്പര്യമുളള കേരള നിയമസഭയുടെ അധ്യക്ഷ സ്ഥാനത്ത് ഇരുന്നുകൊണ്ട് നീതി പുലർത്തുന്ന വിധത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നാണ് കരുതുന്നത്. പ്രവർത്തനത്തെ വിലയിരുത്തേണ്ടത് ഞാനല്ല.

കേരള നിയമസഭ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സഭകളിലൊന്നാണ്. കഴിഞ്ഞ ഒരു വർഷം 61 തവണയാണ് കേരള നിയമസഭ സമ്മേളിച്ചത്. സഭകൾ എന്നതിന് അപ്പുറം പാർലമെന്റിനേക്കാൾ കൂടുതൽ തവണ സമ്മേളിച്ചു.

ഏറ്റവും ഒടുവിൽ നടന്ന നിയമസഭാ സമ്മേളനത്തിലെ ചർച്ചകളും സംവാദങ്ങളുടെ നിലവാരവും ഉളളടക്കവും കൊണ്ട് ശ്രദ്ധേയമായിരുന്നു. അങ്ങനെയുളള ഒരു സഭയുടെ സ്പീക്കറാവുക എന്നത് വിലപ്പെട്ട അനുഭവമാണ്. വകുപ്പ് ഏതാണെന്ന് പാർട്ടി അറിയിച്ചിട്ടില്ല. അതെല്ലാം പിന്നീട് നോക്കാം. ഇപ്പോൾ കൂടുതൽ പ്രതികരണത്തിനില്ല' എം ബി രാജേഷ് പറഞ്ഞു.

STORY HIGHLIGHTS: MB Rajesh said that he will try to fulfill the new task to the best of his ability

Next Story