Top

റോഡ് വാടകയ്ക്ക് നൽകിയ സംഭവം; ഉപദേശക സമിതിയുടെ തീരുമാന പ്രകാരം, പരിശോധിക്കുമെന്ന് എംബി രാജേഷ്

10 Oct 2022 8:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റോഡ് വാടകയ്ക്ക് നൽകിയ സംഭവം; ഉപദേശക സമിതിയുടെ തീരുമാന പ്രകാരം, പരിശോധിക്കുമെന്ന് എംബി രാജേഷ്
X

തിരുവനന്തപുരം: എംജി റോഡില്‍ സ്വകാര്യ ഹോട്ടലിന് നഗരസഭ, പാര്‍ക്കിംഗ് അനുവദിച്ചത് ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്. 2017 മുതൽ ഇത് ഇത്തരത്തിൽ വാടകയ്ക്ക് നൽകിയിരുന്നു. കരാർ നൽകിയതിൽ പിഴവുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വിശദീകരണം തേടിയിരുന്നു. റോഡ് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനിയറോടാണ് മന്ത്രി മുഹമ്മദ് റിയാസ് വിശദീകരണം തേടിയത്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പ്രതിമാസം 5000 രൂപയ്ക്കാണ് വാടകയ്ക്ക് നല്‍കിയത്. ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാന പ്രകാരം ഹോട്ടലുടമയും കോര്‍പ്പറേഷന്‍ സെക്രട്ടറിയുമാണ് കരാറില്‍ ഒപ്പ് വെച്ചത്.

അതേസമയം, പാർക്കിംഗ് ഏരിയ വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് നഗരസഭ പ്രതികരിച്ചു. ആയൂർവേദ കോളേജിന് മുൻവശത്തെ ദേവസ്വം ബോർഡ് ബിൽഡിങ്ങിന് സമീപം പാർക്കിംഗ് ഏരിയ വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണം അടിസ്ഥാന രഹിതമാണ്. നിലവിൽ പൊലീസിന്റെ സഹായത്തോടെ നഗര പരിധിയിൽ ട്രാഫിക് നിയന്ത്രണത്തിന് 225 വാർഡാൻമ്മാരെ പാർക്കിംഗ് ഫീസ് നഗരസഭ പിരിക്കാൻ നിയോഗിച്ചിട്ടുണ്ട്. പിരിഞ്ഞ് കിട്ടുന്ന തുക ഇവരുടെ സൊസൈറ്റിയിൽ അടയ്ക്കുകയാണ് പതിവ്.തുക നഗരസഭ അല്ല സ്വീകരിക്കുന്നത്.

ചില ഇടങ്ങളിൽ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് മാസ വാടകയ്ക്ക് നൽകും. 2017 മുതൽ ഇത്തരത്തിൽ കരാർ അടിസ്ഥാനത്തിൽ പാർക്കിംഗ് ഏരിയ വാടകയ്ക്ക് നൽകാറുണ്ട്. ഈ പ്രദേശത്ത് വാർഡന്മാർ പണം പിരിക്കാറില്ല. മാസം തോറും അപേക്ഷകൻ സൊസൈറ്റിയിൽ നേരിട്ട് പണം നൽകും. എന്നാൽ ഇവിടെ പാർക്കിംഗിനായി എത്തുന്ന ആരേയും തടയാൻ അപേക്ഷകന് അധികാരമില്ല. ആയൂർവേദ കോളേജിന് സമീപത്തെ ബിൽഡിംഗിന് മുൻവശത്തെ പാർക്കിംഗുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷയിൽ ട്രാഫിക് വാർഡൻ പണം പിരിക്കേണ്ടതില്ലെന്നും ആ തുക കടയുടമ നൽകാമെന്നുമായിരുന്നു.

ട്രാഫിക് ഉപദേശക സമിതി അപേക്ഷ പരിശോധിക്കുകയും തുടർന്ന് അനുമതി നൽകുകയുമാണ് ചെയ്തത്. നഗരസഭയും അപേക്ഷകനും തമ്മിൽ എഴുതി തയ്യാറാക്കിയ കരാറിൽ അതു വഴിയുളള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പാർക്കിംഗിനായി എത്തുന്ന ആരെയും തടസപ്പെടുത്തരുതെന്നും വ്യക്തമായി പറയുന്നുണ്ട്. ഇത് ലംഘിച്ചതായി കണ്ടാൽ കരാർ റദ്ദ് ചെയ്യുന്നതുൾപ്പടെയുള്ള നടപടി നഗരസഭ സ്വീകരിക്കുമെന്ന് നഗരസഭ വിശദീകരിച്ചു.

STORY HIGLIGHTS: MB Rajesh response on the allegation of renting public road

Next Story