Top

'ശുചിത്വ പോരാട്ടത്തിന്റെ സന്ദേശമാണ് മുരുകന്റെ പ്രവൃത്തി നല്‍കുന്നത്'; അഭിനന്ദനവുമായി മന്ത്രി എം.ബി രാജേഷ്

'''നഗരസഭയുടെ വിജയകരമായ യാത്രക്ക് ഓരോ ശുചീകരണ തൊഴിലാളികളും അവരുടെ പ്രവര്‍ത്തനവും വലിയ പങ്കാണ് വഹിക്കുന്നത്.''

21 Oct 2022 3:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശുചിത്വ പോരാട്ടത്തിന്റെ സന്ദേശമാണ് മുരുകന്റെ പ്രവൃത്തി നല്‍കുന്നത്; അഭിനന്ദനവുമായി മന്ത്രി എം.ബി രാജേഷ്
X

ഓവുചാല്‍ വൃത്തിയാക്കാന്‍ ആയുധങ്ങള്‍ക്കു കഴിയാതെ വന്നപ്പോള്‍ സ്വന്തം പരിശ്രമത്തിലൂടെ മണ്ണുനീക്കി ഒഴുക്കു സുഗമമാക്കിയ ശുചീകരണ തൊഴിലാളി കെ. മുരുകന് അഭിനന്ദനവുമായി മന്ത്രി എം.ബി രാജേഷ്. ശുചിത്വത്തിനായുള്ള പോരാട്ടത്തിന്റെ സന്ദേശമാണ് മുരുകന്റെ പ്രവൃത്തി കേരളത്തിന് നല്‍കുന്നതെന്ന് അഭിനന്ദനങ്ങള്‍ അറിയിച്ചശേഷം മന്ത്രി പറഞ്ഞു.

തിരുവനന്തപുരം കരിമഠം കോളനിയിലെ മുരുകന്റെ വസതിയിലെത്തിയ മന്ത്രി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. കേരളം ഇപ്പോള്‍ ലഹരിക്കെതിരേ നടത്തുന്ന പോരാട്ടം പോലെ മാലിന്യത്തിനെതിരായ പോരാട്ടത്തിനു തുടക്കമിടണമെന്ന് മന്ത്രി പറഞ്ഞു. മുരുകനെ പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ഈ മുന്നേറ്റത്തിനു വലിയ ശക്തി പകരുന്നതാണെന്നും മന്ത്രി പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.


മുരുകനെ കുറിച്ച് മേയര്‍ ആര്യ പറഞ്ഞത്: കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നിലൂടെ പോകുമ്പോഴാണ് അവിടെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ശ്രമിക്കുന്ന നഗരസഭ ശുചീകരണ തൊഴിലാളിയായ മുരുകന്‍ ചേട്ടനെ കാണുന്നത്. അദ്ദേഹത്തിന്റെ പരിശ്രമം കണ്ടുടന്‍ അവിടിറങ്ങി സംസാരിച്ചാണ് മടങ്ങിയത്. ഇന്ന് പത്രമാധ്യമങ്ങളിലും മുരുകന്‍ ചേട്ടന്റെ ആ ഇടപെടല്‍ വാര്‍ത്തയായി വന്നു. വാര്‍ത്ത കണ്ട ബഹു.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് മുരുകന്‍ ചേട്ടനെ കുറിച്ച് അന്വേഷിച്ചു. തുടര്‍ന്ന് വൈകുന്നേരം മന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടു. മുരുകന്‍ ചേട്ടനെ പോലുള്ളവര്‍ നഗരസഭയ്ക്ക് അഭിമാനമാണ്. നഗരസഭയുടെ വിജയകരമായ യാത്രക്ക് ഓരോ ശുചീകരണ തൊഴിലാളികളും അവരുടെ പ്രവര്‍ത്തനവും വലിയ പങ്കാണ് വഹിക്കുന്നത്.അദേഹത്തിന്റെ ഇടപെടല്‍ മറ്റുള്ള ജീവനക്കാര്‍ക്കും പ്രചോദനമാകണം.



എംബി രാജേഷിന്റെ കുറിപ്പ്‌

"ഇന്ന് രാവിലെ പത്രങ്ങളില്‍ വന്ന ഈ ചിത്രം, തിരുവനന്തപുരത്ത് മഴവെള്ളം റോഡില്‍ നിന്ന് നീക്കാൻ ശ്രമിക്കുന്ന ശുചീകരണത്തൊഴിലാളിയുടേതാണ്. ഓട അടച്ച് കിടക്കുന്ന മണ്ണ്, മൺവെട്ടിയുള്‍പ്പെടെയുള്ള ആയുധങ്ങളുപയോഗിച്ചിട്ടും നീക്കാനാകാതെ വന്നതോടെയാണ് കൈകളുപയോഗിച്ചുള്ള ഈ ശ്രമം. പ്രതിബദ്ധതയോടെയും ആത്മാര്‍ഥതയോടെയും ജോലി ചെയ്യുന്ന ആ തൊഴിലാളി ആരാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രനോട് അന്വേഷിച്ചപ്പോളാണ്, മുരുകനെക്കുറിച്ച് മനസിലാക്കിയത്. വൈകുന്നേരം മുരുകനെ വീട്ടിലെത്തി ആദരിച്ചു. മാലിന്യമുക്തവും വൃത്തിയുള്ളതുമായ നവകേരളത്തിനായുള്ള നമ്മുടെ പോരാട്ടത്തിന്‍റെ പ്രതീകമാണ് മുരുകൻ, കേരളത്തിലങ്ങോളമിങ്ങോളം നിസ്വാര്‍ഥമായി സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ശുചീകരണത്തൊഴിലാളികളിലൊരാള്‍.

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓടയുടെ ശുചീകരണം നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക ആലോചനകള്‍ക്കും ഇന്നുതന്നെ തുടക്കം കുറിച്ചിട്ടുണ്ട്. അധികം വൈകാതെ അതും പ്രയോഗത്തില്‍ വരുത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ലഹരിക്കെതിരായി നാം ഒറ്റക്കെട്ടായി നടത്തുന്ന പോരാട്ടം പോലെ ഇനി ഏറ്റെടുക്കാനുള്ളത് മാലിന്യത്തിനെതിരെയുള്ള പോരാട്ടമാണ്. വൃത്തിയുള്ള നവകേരളത്തിനായുള്ള പോരാട്ടത്തില്‍ നമുക്ക് ഊര്‍ജം പകരുന്നു മുരുകനെപ്പോലെയുള്ളവര്‍."


STORY HIGHLIGHTS: mb rajesh and Arya Rajendran says about murukan

Next Story