'വൈവിധ്യങ്ങൾക്ക് മുകളിൽ ഏകത്വം അടിച്ചേൽപ്പിക്കുന്നു'; ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നുവെന്ന് എം ബി രാജേഷ്
10 Oct 2022 5:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷയുണ്ടായിട്ടും ഹിന്ദി അടിച്ചേൽപ്പിക്കാൻ നീക്കം നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്. കേന്ദ്ര സർക്കാർ ആർഎസ്എസ് അജണ്ട നടപ്പിലാക്കുകയാണ്. ഒരു ഭാഷ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വൈവിധ്യങ്ങൾക്ക് മുകളിൽ ഏകത്വം അടിച്ചേൽപ്പിക്കപ്പെടുന്നു. ഇത്തരം നീക്കങ്ങൾ മതരാഷ്ട്രത്തിലേക്കുള്ള ചുവട് വെപ്പാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ജോലിക്ക് ഹിന്ദി ഭാഷാ പരിജ്ഞാനം മാനദണ്ഡമാക്കാനുള്ള 112 ശുപാര്‍ശയടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ ഔദ്യോഗിക ഭാഷാ സമിതി രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരുന്നു. കേന്ദ്ര റിക്രൂട്ട്മെന്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ഹിന്ദിയില്‍ മാത്രമാക്കും.കേന്ദ്ര സര്‍വകലാശാലകളും സാങ്കേതിക ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഭാഷ ഹിന്ദിയാക്കും. ഔദ്യോഗിക ഭാഷാ സമിതിയുടെ ശുപാര്‍ശ നടപ്പായാല്‍ ഐഐടികള്‍,ഐഐഎമ്മുകള്‍, എയിംസ് തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീയ വിദ്യാലയം, നവോദയ തുടങ്ങിയ സാങ്കേതിക ഇതര സ്ഥാപനങ്ങളിലും ഹിന്ദി നിര്‍ബന്ധമാകും.
ഹിന്ദി പ്രചാരണം സംസ്ഥാനങ്ങളുടെ ഭരണഘടനാ ബാധ്യതയാക്കാനും ശുപാര്‍ശയില്‍ നിര്‍ദേശമുണ്ട്. ഹൈക്കോടതികളില്‍ ഹിന്ദി പരിഭാഷയും ഐക്യ രാഷ്ട്ര സംഘടനയില്‍ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ പരിഗണിക്കും പത്ര-മാധ്യമങ്ങള്‍ക്ക് നൽകുന്ന പരസ്യത്തിന്റെ അമ്പത് ശതമാനം ഹിന്ദിയിലാക്കാനും സമിതി നിര്‍ദേശിക്കുന്നുണ്ട്.
STORY HIGHLIGHTS: MB Rajesh against Official Language Implementation committee