Top

പള്ളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ എസ്എച്ച്ഒ തലശ്ശേരി കോസ്റ്റല്‍ സ്‌റ്റേഷനിലേക്ക്; വിവാദമായി 24 മണിക്കൂര്‍ തികയും മുന്നേ നടപടി

15 Jun 2022 12:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പള്ളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ എസ്എച്ച്ഒ തലശ്ശേരി കോസ്റ്റല്‍ സ്‌റ്റേഷനിലേക്ക്; വിവാദമായി 24 മണിക്കൂര്‍ തികയും മുന്നേ നടപടി
X

കണ്ണൂര്‍: 'പ്രവാചക നിന്ദ'യ്‌ക്കെതിരെയുള്ള പ്രതിഷേധത്തില്‍ പള്ളികള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയ മയ്യില്‍ എസ്എച്ച്ഒയെ സ്ഥലം മാറ്റി. എസ്എച്ച്ഒ ബിജു പ്രകാശിനെ തലശ്ശേരി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. എസ്എച്ച്ഒ ചുമതലയില്‍ നിന്നും മാറ്റിയ ഉത്തരവ് ഡിജിപി നേരത്തെ പുറപ്പെടുവിച്ചിരുന്നു. പകരം ധര്‍മ്മടം എസ്എച്ച്ഒ ടിപി സുമേഷിനെ മയ്യിലില്‍ നിയമിച്ചു.

കഴിഞ്ഞ ദിവസമാണ് 'ജാഗ്രത നിര്‍ദേശം' നല്‍കുന്നതിന്റെ ഭാഗമായി മയ്യില്‍ സ്റ്റേഷന്‍ പരിധിയിലുള്ള പള്ളികളില്‍ നോട്ടീസ് നല്‍കിയത്. വര്‍ഗീയ പ്രഭാഷണങ്ങള്‍ പാടില്ലെന്നായിരുന്നു നോട്ടീസിന്റെ ഉള്ളടക്കം. ഇത്തരം പ്രഭാഷണങ്ങള്‍ ഉണ്ടായാല്‍ നിയമ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നോട്ടീസില്‍ ഉണ്ടായിരുന്നു. ഇമാം കൗൺസിലിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സാഹചര്യത്തിലാണ് ഇത്തരത്തിൽ നോട്ടീസ് നൽകിയത്. വാക്കാൽ നിർദ്ദേശം നൽകണമെന്നും കമ്മീഷണരും ആവശ്യപ്പെട്ടിരുന്നു.

നോട്ടീസിനെതിരെ സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. രാജ്യമാകെ പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ ഇത്തരമൊരു നോട്ടീസ് പള്ളികൾക്ക് നൽകിയത് വിശ്വാസികളിൽ ആശങ്കയുണ്ടാക്കിയെന്നും സമസ്ത പറഞ്ഞിരുന്നു. മുസ്ലീം പള്ളികളെ അപമാനിച്ച പോലീസ് നടപടിയിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും സമസ്ത നേതാക്കൾ പ്രതികരിച്ചു. മുസ്ലീം സഹോദരങ്ങളായ വിശ്വാസികളെയും അവരുടെ ആരാധനാലയങ്ങളെയും അപമാനിക്കുന്ന നടപടിയാണെന്നാണ് യൂത്ത് കോൺഗ്രസും വിമർശിച്ചിരുന്നു. വിഷയത്തിൽ എസ്ഡിപിഐയുടെ നേതൃത്വത്തിൽ മയ്യിൽ സ്‌റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനവും നടത്തി. വിശ്വാസികളിൽ ഭയപ്പാടുണ്ടാക്കുന്ന നടപടി വർഗീയവാദികൾക്കുള്ള ആയുധമാണെന്ന് മുസ്ലീം ലീഗും പ്രതികരിച്ചു.

സര്‍ക്കാര്‍ നയം മനസിലാക്കാതെ തെറ്റായ നോട്ടീസാണ് എസ്എച്ച്ഒ നല്‍കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. നോട്ടീസ് ഇടതുപക്ഷ സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധമാണ്. ഇത് നല്‍കിയത് അനവസരത്തിലാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ മത സൗഹാര്‍ദം നിലനിര്‍ത്തമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചിരുന്നു.

STORY HIGHLIGHTS: Mayyil SHO transferred after issuing warning notice to Mosque in protest against 'blasphemy'

Next Story