ഓണസദ്യ മാലിന്യക്കുഴിയിൽ തളളിയ സംഭവം; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുമെന്ന് മേയർ
ഉദ്യോഗസ്ഥര്‍ക്കെതിരെ ജീവനക്കാരുടെ പരാതി ലഭിച്ചിട്ടില്ല
13 Sep 2022 7:08 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഓണസദ്യ മാലിന്യക്കഴിയിൽ തളളിയ സംഭവത്തിൽ പിരിച്ചുവിട്ട ശുചീകരണത്തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് തിരുവനന്തപുരം കോര്പ്പറേഷന് മേയർ ആര്യ രാജേന്ദ്രൻ. ജീവനക്കാർക്കെതിരായ നടപടി പിൻവലിക്കും. ശിക്ഷാ നടപടി എന്ന നിലയിൽ അല്ല നടപടി സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ തൊഴിലാളികളുടെ വിശദീകരണം എങ്ങനെയാണോ ചോദിക്കേണ്ടത് ആ നിലയല്‍ നമ്മള് ചോദിച്ചതാണ്. അതില്‍ വ്യക്തതക്കുറവ് ഉളളത് കൊണ്ടും അന്വേഷണത്തിന്റേയും അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് മേയർ വ്യക്തമാക്കി.
'ശിക്ഷ എന്ന നിലയില്‍ അല്ല നടപടി സ്വീകരിച്ചത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുക. ആ അന്വേഷണത്തിന്റെ ഭാഗമായി അവര്‍ക്ക് പറയാനുളളത് കേള്‍ക്കുക എന്നതാണ് നഗരസഭ ആലോചിച്ചിട്ടുളളത്. ഉദ്യോഗസ്ഥര്‍ക്കെതിരെ ജീവനക്കാരുടെ പരാതി ലഭിച്ചിട്ടില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ അവര്‍ക്ക് പരാതി ഉണ്ടെങ്കില്‍ പ്രത്യേക സ്റ്റാന്‍ഡിങ് കമ്മിറ്റി ചുമതലപ്പെടുത്തി കൊണ്ട് അന്വേഷിക്കുമെന്നും' മേയർ അറിയിച്ചു.
ഓണസദ്യ മാലിന്യക്കുഴിയിൽ തള്ളിയതിൽ നഗരസഭ ഏഴ് താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുകയും മറ്റ് നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ആഹാരത്തിനോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ പ്രവര്‍ത്തിയെ ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്യുകയാണെന്ന് ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ മേയര്‍ പ്രതികരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ മേയർക്കെതിരെ രൂക്ഷമായ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഉയർന്നത്. നടപടി പിന്‍വലിക്കാന്‍ സിഐടിയു ആവശ്യപ്പെടുമെന്ന് ആനത്തലവട്ടം ആനന്ദന് പറഞ്ഞിരുന്നു. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുകയെന്ന നിലപാട് പാര്‍ട്ടിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മാസ്റ്ററും പ്രതികരിച്ചു
STORY HIGHLIGHTS: mayor said dismissed employees will be reinstated