'ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം', ഷെൽറ്റർ നവീകരിച്ച് റസിഡന്റ് അസോസിയേഷൻ; ഉടൻ പൊളിക്കുമെന്ന് മേയർ
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കുന്നു എന്ന് പറഞ്ഞ് ഇരിപ്പിടങ്ങൾ മുറിച്ച് മാറ്റിയിരുന്നു
10 Sep 2022 3:16 AM GMT
സീനത്ത് കെ.സി

തിരുവനന്തപുരം: എഞ്ചിനീയറിങ് കോളേജിന് സമീപത്തെ വിവാദമായ ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിച്ച് സ്ഥലത്തെ റെസിഡന്റ് അസോസിയേഷൻ. ശ്രീ കൃഷ്ണ നഗർ റെസിഡന്റ് അസോസിയേഷനാണ് മേയർ ആര്യ രാജേന്ദ്രൻ പൊളിക്കുമെന്ന് ഉറപ്പുനൽകിയിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം മോടി പിടിപ്പിച്ചത്. 'ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം' എന്ന് ഷെൽറ്ററിന്റെ ചുമരിൽ റെസിഡന്റ് അസോസിയേഷൻ എഴുതിവെച്ചിട്ടുണ്ട്.
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കുന്നു എന്ന് പറഞ്ഞ് ഇരിപ്പിടങ്ങൾ മുറിച്ച് മാറ്റിയിരുന്നു. ഇതിനെ തുടർന്ന് തിരുവനന്തപുരം കോളോജ് ഓഫ് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഒരുമിച്ചിരിക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് ശ്രദ്ധ നേടിയിരുന്നു. അടുത്തിരിക്കാനല്ലേ വിലക്കുളളൂ, മടിയിൽ ഇരിക്കാലോ എന്ന ക്യാപ്ഷനോട് കൂടിയാണ് വിദ്യാർത്ഥികൾ ഫോട്ടോ പോസ്റ്റ് ചെയ്തത്. യുവജന സംഘടനകളടക്കം നിരവധിയാളുകൾ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രംഗത്തു വരികയും ചെയ്തു.
പ്രശ്നം വിവാദമായതോടെ മേയർ ഇടപെടുകയായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം അനധികൃതമായി നിർമ്മിച്ചതാണെന്നും പൊളിച്ചുനീക്കി പുതിയത് പണിയുമെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചത് ശ്രദ്ധയിൽപെട്ട മേയർ വിശദീകരണം നൽകിയിട്ടുണ്ട്. വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കാൻ ഉടൻ ഉത്തരവിറക്കും. പകരം ലിംഗ സമത്വ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കും. ഇതിന്റെ നിർമ്മാണം പി പി പി മോഡലിലായിരിക്കുമെന്നും ഡിസൈൻ പൂർത്തിയായെന്നും മേയർ അറിയിച്ചു.
STORY HIGHLIGHTS: Mayor said controversial bus stop will be demolished soon