'സിപിഐഎമ്മുകാർക്ക് ഹജ്ജിന് പോകാമെങ്കിൽ ശ്രീകൃഷ്ണ ജയന്തിക്ക് പങ്കെടുത്തുകൂടേ, മേയറുടേത് കൊലക്കുറ്റമല്ല'; വി മുരളീധരൻ
9 Aug 2022 10:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് കോഴിക്കോട് മേയറെ തളളിപ്പറഞ്ഞ സിപിഐഎം നടപടിക്കെതിരെ കേന്ദ്ര മന്ത്രി വി മുരളീധരൻ. ചില മതങ്ങളിൽ വിശ്വസിച്ചാൽ നടപടി, ചില മതങ്ങളിൽ വിശ്വസിച്ചാൽ നടപടി ഇല്ല. ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തിയതിനാണോ നടപടി? സിപിഐഎമ്മുകാർക്ക് ഹജ്ജിന് പോകാമെങ്കിൽ ശ്രീകൃഷ്ണ ജയന്തിക്ക് പങ്കെടുത്തുകൂടേയെന്നും വി മുരളീധരൻ ചോദിച്ചു.
'മേയർ എല്ലാവരുടെയും മേയറാണ്. ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് വലിയ കൊലക്കുറ്റമായി കാണാനാകില്ല. ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തിയതിനാണോ നടപടിയെന്നും വി മുരളീധരൻ പരിഹസിച്ചു.
മേയറുടെ നടപടിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ മേയർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കമ്മിറ്റിക്ക് നിർദ്ദേശം നൽകിയതായാണ് സൂചന. ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിനെ തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. മേയറുടെ നടപടി ശരിയായില്ല. സിപിഐഎം എക്കാലത്തും ഉയർത്തിപിടിച്ച പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണിത്. മേയറുടെ നിലപാട് സിപിഐഎമ്മിന് ഒരുവിധത്തിനും അംഗീകരിക്കാവുന്നതല്ല. അക്കാരണത്താൽ മേയറുടെ നിലപാടിലെ പരസ്യമായി തള്ളുന്നുവെന്നും ജില്ലാ സെക്രട്ടറി പി മോഹനൻ വ്യക്തമാക്കിയിരുന്നു. മേയർ വിവാദം ഒഴിവാക്കാൻ ശ്രദ്ധിക്കണമായിരുന്നുവെന്നും പരിചയക്കുറവ് ആകാം പരിപാടിയിൽ പങ്കെടുക്കാൻ കാരണമെന്നും എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്നതിന് മുമ്പ് പാർട്ടിയോട് ആലോചിക്കണമായിരുന്നുവെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.
STORY HIGHLIGHTS: mayor cannot be blamed for participating in the Balagokulam event says v muraleedharan