Top

'പണം തന്നില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക്'; യുഡിഎഫ് കൗൺസിലാർമാരുടേത് അത്യന്തം ലജ്ജാകരമായ പ്രവർത്തിയെന്ന് ബീനാ ഫിലിപ്പ്

3 Dec 2022 12:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പണം തന്നില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക്; യുഡിഎഫ് കൗൺസിലാർമാരുടേത് അത്യന്തം ലജ്ജാകരമായ പ്രവർത്തിയെന്ന് ബീനാ ഫിലിപ്പ്
X

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ മേയർ ഭവനിലെത്തി ഭീതി പരത്തിയതായി കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്. മേയർ സ്ഥലത്തില്ലാത്തതിനാൽ അവിടെയുണ്ടായിരുന്ന കോർപ്പറേഷൻ സെക്രട്ടറിയോട് ആണ് മോശമായി പെരുമാറിയത്. ജനാധിപത്യ സമൂഹത്തിൽ ചില മര്യാദകളുണ്ട്. അത്യന്തം ലജ്ജാകരമായ പ്രവർത്തി ആണ് യുഡിഎഫ് കൺസിലാർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. വീട്ടിനകത്ത് കയറി കൗൺസിലർമാർ മുദ്രാവാക്യം വിളിച്ചു. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു പ്രതിഷേധമെന്നും മേയർ പറഞ്ഞു. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് പ്രതികരിച്ചു.

ബാങ്ക് പണം തന്നില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നും മേയർ വ്യക്തമാക്കി. എൽഡിഎഫ് ശക്തമായ സമരപരിപാടിക്കാണ് ഒരുങ്ങുന്നത്. ബാങ്കിന്റെ ശാഖകൾ ഉപരോധിക്കും. രണ്ടുദിവസത്തെ സാവകാശം വേണം എന്നാണ് ബാങ്ക് പറയുന്നത്. തിങ്കളാഴ്ച പണം തന്നില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ പ്രത്യക്ഷ സമരം നടത്തും. സമരത്തിന് യുഡിഎഫ് വന്നാൽ അവരെയും ഉൾക്കൊള്ളിക്കുമെന്നും മേയർ പറഞ്ഞു.

നഷ്ടപ്പെട്ട പണം ഉടൻ തിരികെ നൽകണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനും പഞ്ചാബ് നാഷണൽ ബാങ്കിന് കത്ത് നൽകിയിട്ടുണ്ട്. കത്ത് ചെന്നൈയിലെ ബാങ്കിന്റെ റീജിണൽ ഓഫീസിനാണ് നൽകിയിരിക്കുന്നത്. രണ്ടുദിവസത്തിനകം പണം തിരികെ നൽകാമെന്നാണ് ബാങ്ക് നിലവിൽ കോർപ്പറേഷനെ അറിയിച്ചിരിക്കുന്നത്. കേസിലെ പ്രതിയായ ബാങ്ക് മാനേജർ പി വി റിജിലിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ കോടതി വരുന്ന തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്.

പണം ലഭിച്ചില്ലെങ്കിൽ കോഴിക്കോട് ജില്ലയിലെ ബാങ്കിന്റെ ഒരു ശാഖയും പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ വ്യക്തമാക്കിയിട്ടുളളത്. പണം തിരികെ നൽകാൻ പഞ്ചാബ് നാഷണൽ ബാങ്കിന് രണ്ടുദിവസം അനുവദിക്കും. എന്നിട്ടും തീരുമാനം ഉണ്ടായില്ലെങ്കിൽ ജില്ലയ്ക്ക് പുറത്തുള്ള ബാങ്കുകളുടെ പ്രവർത്തനങ്ങളും തടസപ്പെടുത്തുമെന്നും മോഹനൻ പറഞ്ഞു.

STORY HIGHLIGHTS: Mayor Beena Philip said if the pnb does not give the money will go for open strike

Next Story